‘മാധ്യമങ്ങളോട് പ്രതികരണം വേണ്ട’; പി കെ ശശിയെ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിലക്കി സിപിഐഎം
പി കെ ശശിയെ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിലക്കി സിപിഐഎം സംസ്ഥാന നേതൃത്വം.ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്നാണ് നിര്‍ദേശം. പി കെ ശശിയോട് ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
പി. കെ ശശിയെ ചൊല്ലിയുള്ള തര്‍ക്കം മണ്ണാര്‍ക്കാട്ടില്‍ രൂക്ഷമായി തുടരുകയാണ്. ഇന്നലെ കൊലവിളി മുദ്രാവാക്യവും ഭീഷണി പ്രസംഗവുമായി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് ഇറങ്ങിയത് വലിയ ചര്‍ച്ചയാവുന്നുണ്ട്. എസ്എഫ്‌ഐ മുന്‍സ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നടത്തിയ പ്രസംഗം അതിര് കടന്നെന്നാണ് വിലയിരുത്തല്‍. സിപിഐഎം പ്രതിഷേധത്തിലും പ്രതികരണങ്ങളിലും അമര്‍ഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിലേക്കില്ലെന്ന് പി.കെ ശശി തീരുമാനിച്ചിട്ടുണ്ട്. നേതൃത്വം പറയട്ടെ എന്നാണ് ശശിയുടെ നിലപാട്.
ഇതിനിടെ പാലക്കാട്ടെ സിപിഐഎം നേതൃത്വവുമായി ഇടഞ്ഞ പി കെ ശശിയോട് മൃദുനിലപാടുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നു. പി കെ ശശിയെ സ്വാഗതം ചെയ്തും ന്യായീകരിച്ചും നേതാക്കള്‍ രംഗത്തെത്തി.
അതേസമയം ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. മുസ്ലിം ലീഗ് ഭരിക്കുന്ന മണ്ണാര്‍ക്കാട് അരിയൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പില്‍ പി കെ ശശിക്ക് പങ്കുണ്ടെന്നാണ് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്റെ ആരോപണം.