Fincat

‘പാമ്ബുകള്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍’, ഗുഹയ്ക്കുള്ളില്‍ ധ്യാനവും യോഗയും, വിശപ്പടക്കാൻ നൂഡില്‍സ്, കുഞ്ഞുങ്ങളുണ്ടായത് ഇന്ത്യയിലെത്തിയശേഷമെന്ന് റഷ്യൻ യുവതി

ബെഗളൂരു: ഉത്തര കന്നട ജില്ലയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിലെ വനമേഖലയിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന റഷ്യൻ പൗരയായ യുവതിയെയും ഇവരുടെ രണ്ടു പെണ്‍മക്കളെയും നാടുകടത്തുന്നതിനുള്ള നടപടികള്‍ കര്‍ണാടക പൊലീസ് ആരംഭിച്ചു.

നിലവില്‍ വനിത സംരക്ഷണ കേന്ദ്രത്തിലാണ് ഇവര്‍ കഴിയുന്നത്.

ഇവരെ റഷ്യയിലേക്ക് തിരിച്ചയിക്കുന്നതിനുള്ള നടപടികള്‍ക്കായി ബെംഗളൂരുവിലെ ഫോറിനര്‍ റീജ്യണല്‍ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യുവതിയെയും മക്കളെയും ബെംഗളൂരുവിലെത്തിക്കുമെന്നും ഉത്തര കന്നട പൊലീസ് സൂപ്രണ്ട് എം നാരായണ്‍ പറഞ്ഞു. അതേസമയം, ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സങ്കീര്‍ണമാണ്. അനധികൃത കുടിയേറ്റക്കാരുടെ കേസുകള്‍ തീര്‍പ്പാക്കി തിരിച്ചയിക്കുന്നതിന് കൂടുതല്‍ പണവും ആവശ്യമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇന്ത്യൻ സര്‍ക്കാരോ റഷ്യൻ സര്‍ക്കാരോ അവരുടെ യാത്രക്കുള്ള തുക നല്‍കുകയില്ല. ഇതിനാല്‍ തന്നെ ഫണ്ട് സമാഹരിച്ചാല്‍ മാത്രമെ അവരെ തിരിച്ചയക്കാനാകു.

അതേസമയം, യുവതിയെയുടെയും കുട്ടികളുടെയും കാര്യത്തില്‍ നിരവധി വിവരങ്ങളും പൊലീസിന് തേടേണ്ടതുണ്ട്. ഇവര്‍ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ, ഏതെങ്കിലും ഹോട്ടലുകളില്‍ രേഖകളില്ലാതെ താമസിച്ചിട്ടുണ്ടോ, ഇന്ത്യയിലെത്തിയശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതെ എങ്ങനെയാണ് യുവതി രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് തുടങ്ങിയ നിരവധി ചോദ്യങ്ങളിലാണ് വ്യക്തത വേണ്ടത്. ഗുഹയ്ക്കുള്ളില്‍ യുവതി വാങ്ങിവെച്ചിരുന്ന പലചരക്ക് വസ്തുക്കളും നൂഡില്‍സും മറ്റു ഭക്ഷണ സാധനങ്ങളും മരത്തടികളും മറ്റു സാധനങ്ങളുമടക്കം പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെത്തിയശേഷമാണ് രണ്ടു കുഞ്ഞുങ്ങളും ജനിച്ചതെന്നാണ് യുവതി നല്‍കിയ മൊഴി. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളും യുവതി വെളിപ്പെടുത്തിയിട്ടില്ല. കുട്ടികള്‍ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2004 ഡിസംബറിനുശേഷം ജനിച്ച അച്ഛനും അമ്മയും ഇന്ത്യൻ പൗരന്മാരായ കുഞ്ഞുങ്ങള്‍ക്കും അതല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യൻ പൗരനായിരിക്കുകയും മറ്റെയാള്‍ നിയമപരമായി കുടിയേറിയ ആളായിരിക്കുകയും ചെയ്താല്‍ മാത്രമാണ് പൗരത്വം ലഭിക്കുക. റഷ്യൻ യുവതിയുടെ കാര്യത്തില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുമ്ബോള്‍ അവര്‍ അനധികൃത കുടിയേറ്റക്കാരിയാണ്. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ല.

കഴിഞ്ഞ ദിവസമാണ് കൊടുംകാട്ടിലെ ഗുഹയില്‍ നിന്ന് റഷ്യൻ യുവതിയായ നിന കുടിന (40), ഇവരുടെ ആറും നാലും വയസുള്ള പെണ്‍മക്കളെയും ഗോഖര്‍ണ പൊലീസ് രക്ഷപ്പെടുത്തിയത്. സ്ഥലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് പരിശോധന നടത്തിയ പൊലീസാണ് ഇവരെ രക്ഷിച്ചത്. ഇവരുടെ വിസ കാലാവധി കഴിഞ്ഞ് എട്ട് വർഷമായെന്ന് കണ്ടെത്തിയ പൊലീസ് യുവതിയെ കുട്ടികള്‍ക്കൊപ്പം വനിതാ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 2016-ലാണ് ബിസിനസ് വിസയില്‍ നിന കുടിന ഇന്ത്യയിലെത്തിയത്. ഗോവയില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. 2017ല്‍ വിസാ കാലാവധി കഴിഞ്ഞു. 2018-ല്‍ എക്സിറ്റ് നിർദേശം കിട്ടിയപ്പോള്‍ നേപ്പാളിലേക്ക് പോയ ഇവർ പിന്നീട് അംഗീകൃത വിസയില്ലാതെയാണ് ഇന്ത്യയിലേക്ക് റോഡ് മാർഗം തിരിച്ചെത്തി. പിന്നീട് പലയിടങ്ങളിലായി വനമേഖലകളില്‍ കഴിഞ്ഞ് വരികയായിരുന്നു.

ആദ്ധ്യാത്മികതയാണ് തന്നെ ഇന്ത്യയിലേക്ക് ആകർഷിച്ചതെന്നാണ് നിന പറയുന്നത്. ഗോകർണത്തിനടുത്തുള്ള രാമതീർത്ഥത്തിന് മുകളിലുള്ള വനമേഖലയിലെ ഗുഹയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പട്രോളിംഗ് നടത്തിയ പൊലീസ് സംഘത്തിന് ഇവരെ കണ്ടെത്താനായത്. ആളൊഴിഞ്ഞ വനമേഖലയില്‍ രണ്ട് കുട്ടികളുമായി വിദേശവനിതയെ കണ്ട പൊലീസ് സംഘം അക്ഷരാർഥത്തില്‍ അമ്ബരന്നു. ആറും വയസ്സും നാലു വയസു പ്രായമുള്ള രണ്ട് കുട്ടികളുമായാണ് ഇവർ ഈ ഗുഹയില്‍ കഴിഞ്ഞത്.

മോഹി എന്ന പേരാണ് നിന സ്വീകരിച്ചിരുന്നത്. വനത്തില്‍ ധ്യാനം നടത്താനും ദൈവങ്ങള്‍ക്ക് പൂജ ചെയ്യാനും വളരെയെറെ ഇഷ്ടപ്പെടുന്നയാളാണ് നിനയെന്ന് ഗോഖര്‍ണ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്‌ആര്‍ ശ്രീധര്‍ പറഞ്ഞു. ആരാണ് കുട്ടികളുടെ പിതാവ് എന്നകാര്യമടക്കം യുവതി വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളെ ആശുപത്രിയിലാണോ പ്രസവിച്ചതെന്നും അവര്‍ക്ക് വേണ്ട പരിചരണം ലഭിച്ചിരുന്നുവെന്ന കാര്യമടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇന്ത്യയും കാടുകളെയും ആത്മീയതെയും വളരെ സ്നേഹിക്കുന്നുവെന്നും അതിനാലാണ് വനത്തില്‍ കഴിഞ്ഞതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഹോട്ടലുകളില്‍ താമസിക്കാതെ കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീധര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ഈ ഗുഹയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

പാമ്ബുകള്‍ ഉള്ള സ്ഥലമാണെന്നും അപകടസാധ്യതയേറെയാണെന്നും പറഞ്ഞപ്പോള്‍ പാമ്ബുകള്‍ ഞങ്ങളുടെ സുഹൃത്തുക്കളാണെന്നും വെള്ളച്ചാട്ടത്തിനരികെ കുളിക്കാൻ പോകുമ്ബോള്‍ പാമ്ബുകള്‍ ചുറ്റിലും ഇഴയാറുണ്ടെങ്കിലും ഒന്നും ചെയ്യാറില്ലെന്നുമുള്ള വിചിത്ര മറുപടിയാണ് യുവതി നല്‍കിയത്. മഴക്കാലത്ത് കുറഞ്ഞ വസ്ത്രങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ആ സമയത്ത് പ്രകൃതിയുമായി ഇഴകി ചേര്‍ന്ന് ജീവിക്കാനാണ് താത്പര്യപ്പെട്ടിരുന്നത്.

ഭക്ഷണ സാധനങ്ങള്‍ ആവശ്യത്തിന് ശേഖരിച്ചുവെച്ചിരുന്നുവെന്നും മെഴുകുതിരി വെളിച്ചത്തേക്കാള്‍ സൂര്യപ്രകാശത്തേയാണ് കൂടുതല്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നതെന്നും ശ്രീധര്‍ പറഞ്ഞു. ടൗണില്‍ സാധനം വാങ്ങാൻ പോകുമ്ബോഴാണ് യുവതി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് തിരിച്ചയക്കുന്നതില്‍ അതീവ വിഷമുണ്ടെന്നാണ് യുവതി പറഞ്ഞതെന്നും ഗോഖര്‍ണ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്‌ആര്‍ ശ്രീധര്‍ പറഞ്ഞു.

ഗുഹയില്‍ നിന്ന് തിരിച്ച്‌ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടികള്‍ ആദ്യമായി ഇലക്‌ട്രിക് വെളിച്ചവും കട്ടിലും കിടക്കയുമൊക്കെ കണ്ടതിന്‍റെ ആശ്ചര്യത്തിലാണെന്നും പൊലീസ് പറഞ്ഞു. കുട്ടികള്‍ വളര്‍ന്നതും ജീവിച്ചതുമെല്ലാം ഭൂരിഭാഗവും വനത്തില്‍ തന്നെയായതിനാല്‍ അവര്‍ക്ക് നാട്ടിലെ കാഴ്ടകളെല്ലാം അത്ഭുതമായിരുന്നുവെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീധര്‍ പറഞ്ഞു.ഗുഹയ്ക്കുള്ളില്‍ വിഗ്രഹവും റഷ്യൻ പുസ്തകങ്ങളും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. യോഗയും ധ്യാനവും ചിത്രംവരയും പാട്ടും ആത്മീയ പഠനവുമൊക്കെയായാണ് ഗുഹയില്‍ സമയം ചെലവഴിച്ചിരുന്നത്. കുട്ടികള്‍ക്കും യോഗയും മറ്റും യുവതി പഠിപ്പിച്ചിരുന്നു. നൂഡില്‍സ് അടക്കമുള്ള ഭക്ഷണ സാധനങ്ങളാണ് ഗുഹയില്‍ സൂക്ഷിച്ചിരുന്നതും കഴിച്ചിരുന്നതും. പ്ലാസ്റ്റിക് ഷീറ്റുകളിലാണ് ഉറങ്ങിയിരുന്നതെന്നും പൊലീസ് പറഞ്ഞു.