Fincat

ശക്തമായ കാറ്റ്; വിമാന യാത്രക്കാർക്ക് നിർദേശങ്ങളുമായി ദില്ലി വിമാനത്താവളം

ദില്ലിയിൽ കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടാവുകയും മഴയും ശക്തമായ കാറ്റും കാരണം റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അതിനാൽ വിമാന യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ദില്ലി വിമാനത്താവള അധികൃതർ നിർദേശം നൽകി. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ദില്ലി മെട്രോ ഉപയോഗിക്കാൻ നിർദേശിച്ചു. വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയ ക്രമീകരണങ്ങളിൽ വ്യക്തത വരുത്തണമെന്നും യാത്രക്കാരോട് ആവശ്യപ്പെട്ടു.

“നിങ്ങളുടെ യാത്ര തടസ്സരഹിതമാക്കാൻ ഞങ്ങളുടെ ഓൺ-ഗ്രൗണ്ട് ടീമുകൾ കഠിനമായി ശ്രമിക്കുന്നുണ്ട്”- ദില്ലി വിമാനത്താവളം അറിയിച്ചു. ദില്ലിയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 57 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയതിന് പിന്നാലെയാണ് ഈ അറിയിപ്പ് വന്നത്. ദില്ലിയിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒരാഴ്ച മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

 

ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ സഫ്ദർജംഗിൽ 10.1 മില്ലീമീറ്റർ മഴയും പ്രഗതി മൈതാനിൽ 13.6 മില്ലീമീറ്ററും ജനക്പുരിയിൽ 0.5 മില്ലീമീറ്ററും മഴ പെയ്തു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു. പ്രഗതി മൈതാനിൽ മണിക്കൂറിൽ 57 കിലോമീറ്ററും പാലത്ത് 55 കിലോമീറ്ററും മയൂർ വിഹാറിൽ 37 കിലോമീറ്ററും വേഗതയിൽ കാറ്റ് വീശി.

ജൂൺ 1 മുതൽ ജൂലൈ 12 വരെ ദില്ലിയിൽ117.8 മില്ലീമീറ്റർ മഴ ലഭിച്ചു, തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അതേസമയം വടക്കും വടക്കുപടിഞ്ഞാറൻ ദില്ലിയിൽ മഴയിൽ കുറവ് രേഖപ്പെടുത്തി. ഇന്നലെ 34.8 ഡിഗ്രി സെൽഷ്യസായിരുന്നു ദില്ലിയിലെ ഏറ്റവും ഉയർന്ന താപനില. ഏറ്റവും കുറഞ്ഞ താപനില 25.1 ഡിഗ്രി സെൽഷ്യസും.