Fincat

‘മധുര- എണ്ണ പലഹാരങ്ങള്‍ ആരോഗ്യത്തിന് ഹാനികരം’; മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര നിര്‍ദേശം

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി എണ്ണ- മധുര പലഹാരങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെതാണ് നിര്‍ദ്ദേശം. ലഘു ഭക്ഷണങ്ങളില്‍ അടങ്ങിയിരുന്ന എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരായ മുന്നറിയിപ്പ് എന്നതുപോലെ എണ്ണ- മധുര പലഹാരങ്ങളുടെ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.
ലഘു ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര എണ്ണ ഫാറ്റ് എന്നിവയുടെ വിവരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന തരത്തില്‍ പോസ്റ്ററില്‍ നല്‍കണം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാന്റീനുകള്‍ കഫ്റ്റീരിയകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക. എന്നാല്‍ ഇത് നിരോധനം അല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അമിതവണ്ണം കുറച്ച് ആരോഗ്യമായ ജീവിതശൈലിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. 2050 ആകുമ്പോഴേക്കും 44.9 കോടിയിലധികം ഇന്ത്യക്കാര്‍ അമിതവണ്ണം ഉള്ളവരായി മാറുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി അമിതവണ്ണം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് മന്‍ കി ബാത്തിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.