കേരളത്തിലെ മൂന്ന് സ്ഥാപനങ്ങള്‍ ബാങ്കുകളായി മാറിയേക്കും, അനുകൂല സാഹചര്യമൊരുക്കി റിസര്‍വ് ബാങ്ക്
കൊച്ചി: രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു.
നിലവില്‍ രാജ്യത്തെ സാമ്ബത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളോട്(എന്‍.ബി.എഫ്.സി) ബാങ്കിംഗ് ലൈസന്‍സെടുക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെടും.
കേരളത്തിലെ മൂന്ന് മുന്‍നിര എന്‍.ബി.എഫ്.സികള്‍ക്ക് പുതിയ സാഹചര്യത്തില്‍ ബാങ്കായി മാറാന്‍ അനുകൂല സാഹചര്യമൊരുങ്ങുകയാണ്. ഇതോടൊപ്പം സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് സമ്ബൂര്‍ണ വാണിജ്യ ബാങ്കുകളായി മാറാവുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയേക്കും. ഇതിനായി കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും സജീവമായി ചര്‍ച്ച നടത്തുകയാണ്.
എന്‍.ബി.എഫ്.സികള്‍ സമ്ബൂര്‍ണ വാണിജ്യ ബാങ്കുകളായി മാറുന്നതോടെ വിദേശ മൂലധനം കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ധന മന്ത്രാലയം വിലയിരുത്തുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് പുതിയ ബാങ്ക് ലൈസന്‍സുകള്‍ നല്‍കുന്നത്.
കേരളത്തിലെ എന്‍.ബി.എഫ്.സികള്‍ക്ക് സാദ്ധ്യത
മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടങ്ങിയ കേരളം ആസ്ഥാനമായ ബാങ്കിംഗ് ഇതര ധന സ്ഥാപനങ്ങള്‍ക്ക്(എന്‍.ബി.എഫ്.സി) ബാങ്കുകളായി മാറാന്‍ വലിയ അവസരമാണ് ഇതോടെ ഒരുങ്ങുന്നത്.എന്നാല്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുമെന്ന ആശങ്കയിലാണ് ഇവര്‍ ബാങ്കിംഗ് ലൈസന്‍സ് നേടാന്‍ മടിക്കുന്നത്. ഇക്കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് ധന മന്ത്രാലയം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോര്‍പ്പറേറ്റുകള്‍ക്കും ബാങ്ക് തുടങ്ങാം
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി ഗ്രൂപ്പ് തുടങ്ങിയ മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ബാങ്കിംഗ് രംഗത്തേക്ക് കടക്കാനാകുന്ന വിധം നിയമങ്ങളില്‍ മാറ്റം വരുത്താനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. ഇതോടൊപ്പം പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ ഊര്‍ജിതമാക്കാനും പടികളുണ്ടാകും.