Fincat

നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 2,23,887 പട്ടയങ്ങള്‍ വിതരണം ചെയ്തു: റവന്യൂ മന്ത്രി കെ. രാജന്‍

നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 2,23,887 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിലായി നടന്ന പട്ടയ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലയളവില്‍ കേരളത്തില്‍ നാലു ലക്ഷത്തിലേറെ ഭൂവുടമകളെ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ‘ എന്ന മുഖമുദ്രാവാക്യത്തോടെ റവന്യൂ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ഭൂരഹിതരായ മുഴുവന്‍ ആളുകളെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിവേഗവും സുതാര്യവുമായ റവന്യൂ നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ റീസര്‍വ്വേയിലൂടെ ചരിത്രത്തില്‍ ആദ്യമായി ഒന്നര വര്‍ഷത്തിനുള്ളില്‍ നാലരലക്ഷം ഹെക്ടറോളം ഭൂമി അളന്നു തിട്ടപ്പെടുത്തി. കയ്യേറ്റക്കാരെയും കൈവശ ഭൂമിക്കാരെയും കുടിയേറ്റക്കാരെയും ഒരുപോലെയല്ല സര്‍ക്കാര്‍ കാണുന്നതെന്നും കുടിയേറ്റക്കാരുടെയും കൈവശം ഭൂമിക്കാരുടെയും പ്രശ്‌നങ്ങള്‍ അനുതാപപൂര്‍വ്വം പരിഗണിക്കും എന്നും മന്ത്രി പറഞ്ഞു.

നിറം മങ്ങിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ ഏറെ ശ്രദ്ധയോടെ വലുപ്പത്തില്‍ മനോഹരമായി പുനര്‍ നിര്‍മ്മിക്കുകയാണ്. 600 ഓളം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആയി. സമഗ്രവും ജനകീയവും ആധുനികവല്‍ക്കരിക്കപ്പെട്ടതുമായ റവന്യൂ സേവനങ്ങളിലേക്ക് കടക്കുന്ന കാലത്ത് വില്ലേജുകള്‍ സ്മാര്‍ട്ട് ആകേണ്ടത് പ്രധാനമണ്. ജനങ്ങള്‍ക്ക് ഏറ്റവും സുതാര്യമായി വേഗതയില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് ഒരുക്കുകയാണ് വകുപ്പ്. ഇതുവഴി വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന 14 ഓളം വിവരങ്ങള്‍ ചിപ്പുകള്‍ പതിപ്പിച്ച ഒറ്റ കാര്‍ഡില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

മലപ്പുറം ജില്ലയില്‍ ഇന്ന് (ചൊവ്വ) 2187 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 2032 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 155 ഭൂപതിവ് പട്ടയങ്ങളും ഉള്‍പ്പെടും. തിരൂരില്‍ 258, മഞ്ചേരിയില്‍ 410, തിരൂരങ്ങാടിയില്‍ 750 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 614 ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.