Fincat

500 കിലോ അയലക്കുഞ്ഞുങ്ങൾ; മുന്നറിയിപ്പ് വക വെക്കാതെ മത്സ്യബന്ധനം നടത്തിയ വള്ളം പിടിച്ചെടുത്തു

തൃശ്ശൂരിൽ മുന്നറിയിപ്പ് വക വെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വള്ളത്തില്‍ നിന്നും 14 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 500 കിലോ അയലക്കുഞ്ഞുങ്ങളെ ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

മുന്നറിയിപ്പ് വകവയ്ക്കാതെയാണ് അയലക്കുഞ്ഞുങ്ങളെ പിടിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയാണ് മീൻപിടുത്തം നടത്തിയത്. തുടർന്ന് ഉടമയിൽ നിന്ന് 23,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.