Fincat

ബാഗിൽ 50000 രൂ​പ വീ​തം 96 കെ​ട്ടു​കൾ; ബസിലെ പരിശോധനയിൽ 48 ലക്ഷവുമായി യുവാവ് പിടിയിൽ

രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 48 ലക്ഷം രൂപ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് പിടികൂടി. സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി ഗണേഷ് അശോക് ജാദവ് എന്നയാളാണ് പിടിയിലായത്. കോ​യ​മ്പ​ത്തൂ​രിൽ​ നി​ന്ന് പാ​ല​ക്കാ​ടേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സ്ലീ​പ്പ​ർ എ​യ​ർ ബ​സിലെ പരിശോധനയിലാണ് പണം പിടികൂടിയത്. ബാ​ഗ് പ​രി​ശോ​ധി​ച്ചപ്പോൾ 50,000 രൂ​പ വീ​ത​മു​ള്ള 96 കെ​ട്ടു​ക​ളാണ് കണ്ടെത്തിയത്.

പണത്തിന്‍റെ ഉറവിടമോ കൊണ്ടു പോകുന്നതിന്‍റെ കാരണമോ അശോക് ജാദവ് വ്യക്തമാക്കിയില്ല. കൊട്ടാരക്കരയിലേക്കാണ് പോകുന്നതെന്ന് മാത്രമാണ് ഇയാൾ പറഞ്ഞത്. പ്രതിയെയും പണവും തുടർ നടപടികൾക്കായി പാലക്കാട് അസിസ്റ്റന്‍റ് ഡയറക്ടർ ഓഫ് ഇൻകം ടാക്സ് ( ഇൻവെസ്റ്റിഗേഷൻ ) ഡിപ്പാർട്ടുമെന്‍റിന് കൈമാറി.

വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത് പി ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രഭ ജി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ കെ പി രാജേഷ്, മനോജ്‌ പി എസ് എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.