ഈ ഓട്ടോ കൈയില്‍ തൂക്കി നടക്കാം; പക്ഷേ, വില പൊള്ളിക്കും; ഫാഷന്‍ ലോകത്ത് ഹിറ്റായി ലൂയി വിറ്റോണിന്റെ ഓട്ടോ
ലുക്കിലും ആറ്റിട്യൂഡിലുമെല്ലാം ഓട്ടോറിക്ഷ തന്നെ. എന്നാല്‍, പെട്രോള്‍ അടിക്കാതെ ഉപയോഗിക്കാം ഈ ഓട്ടോറിക്ഷ. പക്ഷേ, നിരത്തില്‍ ഓടിക്കാന്‍ പറ്റില്ല. കയ്യില്‍ കൊണ്ട് നടക്കാനാണ് സുഖം. അതെന്താന്നോ? അത് വെറുമൊരു ഓട്ടോയല്ല. മറിച്ച് ഓട്ടോയുടെ ആകൃതിയിലുള്ള ഒരു ഹാന്‍ഡ്ബാഗാണ്.
ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണിന്റെ ഏറ്റവും പുതിയ കളക്ഷനുകള്‍ അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യന്‍ തെരുവ് സംസ്‌കാരത്തെ ശ്രദ്ധയമാക്കും വിധമായിരുന്നു ഫാരല്‍ വില്യംസിന്റെ നേതൃത്വത്തില്‍ നടന്ന ഫാഷന്‍ ലോഞ്ച്. ഹാന്‍ഡിലും വീലുകളുമുള്ള ഓട്ടോറിക്ഷയുടെ രൂപത്തിലുള്ള ഒരു ഹാന്‍ഡ്ബാഗ്. പക്ഷേ വില അല്പം കൂടും 35 ലക്ഷം!
സാധാരണക്കാരുടെ ഉപജീവന മാര്‍ഗ്ഗമാണ് ഓട്ടോറിക്ഷ. എന്നാല്‍, ഇവിടെ ഇന്ത്യന്‍ തെരുവ് സംസ്‌കാരത്തെയും ആഡംബരത്തെയും മനോഹരമായി സംയോജിപിച്ചാണ് ലൂയി വിറ്റോണ്‍ ഹാന്‍ഡ് ബാഗ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ ഈ ഹാന്‍ഡ് ബാഗിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടതോടെ സമൂഹ മാധ്യമങ്ങള്‍ ഓട്ടോ ഹാന്റ്ബാഗ് ഏറ്റെടുക്കുകയായിരുന്നു.