Fincat

വധശിക്ഷ നീട്ടിവെച്ചു, നിർണായക തീരുമാനം മണിക്കൂറുകൾ മാത്രം അവശേഷിക്കവെ

യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ യമനി സൂഫി പണ്ഡിതർ മുഖേ ചർച്ചകളും ഇടപെടലും നടത്തി വരികയാണ്. ഇപ്പോഴത്തെ വാർത്ത ആശ്വാസകരമാണെന്നും ഈ കാലയളവിനുള്ളിൽ തലാലിൻ്റെ കുടുംബവുമായി സംസാരിച്ച് ശിക്ഷ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും കാന്തപുരം വിഭാഗം നേതാവ് സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു.

 

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്.

നിമിഷപ്രിയയുടെ മോചനത്തിനായി കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ ഇടപെട്ടിരുന്നു വിദേശകാര്യ മന്ത്രാലയവുമായി ഗവർണർ സംസാരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യമാണ് ഗവര്‍ണര്‍ മുന്നോട്ട് വെച്ചത്. പ്രവാസി വ്യവസായി എം എ യൂസഫലിയുമായും ഗവർണർ സംസാരിച്ചു. ദയാദനത്തിന് എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് എം എ യൂസഫലി ഗവർണറെ അറിയിച്ചു.

 

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.