Fincat

കൂലി 1000 കോടിയിലെത്തുമോയെന്ന് അറിയില്ല, പ്രേക്ഷകരെടുക്കുന്ന ടിക്കറ്റിന് ഞാന്‍ ഗ്യാരന്റി ; ലോകേഷ് കനഗരാജ്

രജനികാന്ത് ചിത്രം കൂലി 1000 കോടി ക്ലബ്ബില്‍ കയറുന്നതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ ലോകേഷ് കനഗരാജ്. ചിത്രം 1000 കോടി ക്ലബ്ബില്‍ കഉയരുമോ ഇല്ലയോ എന്നത് എന്റെ കയ്യിലുള്ള കാര്യമല്ല, എന്നാല്‍ പ്രേക്ഷകന്‍ ടിക്കറ്റിനായി മുടക്കുന്ന ഓരോ 150 രൂപക്കും ഞാന്‍ ഗ്യാരന്റിയെന്നാണ് ലോകേഷ് പറഞ്ഞത്.

‘ചിത്രം കണ്ട ശേഷം എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് രജനികാന്ത് സാര്‍ പറഞ്ഞത് തന്റെ തന്നെ ദളപതി എന്ന മണിരത്‌നം ചിത്രം ഓര്‍മ്മ വന്നു എന്നാണ്. എന്റെയും പ്രിയപ്പെട്ട ചിത്രമാണ് ദളപതി. അതുപോലെയുണ്ട് എന്ന് അദ്ദേഹത്തതിന്റെ വായില്‍ നിന്നും കേട്ടപ്പോള്‍ സന്തോഷമായി. ചിത്രം ഒരു ആക്ഷന്‍ മസാല സ്വഭാവത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഇമോഷനും ഡ്രാമാക്കും കൂലിയില്‍ തുല്യമായ പ്രാധാന്യമുണ്ട്” ലോകേഷ് കനഗരാജ് പറയുന്നു.

ചിത്രത്തിന്റെ ട്രെയ്ലര്‍ ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുമെന്നും, ഇതുവരെ റിലീസ് ചെയ്ത് രണ്ടേ രണ്ട ഗാനങ്ങള്‍ മാത്രമേ ചിത്രത്തിലുണ്ടാവൂ എന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. വളരെ കുറച്ച് സമയം മാത്രമേയുള്ളൂവെങ്കിലും ആമിര്‍ ഖാന്‍ ചെയ്യുന്ന വേഷം വെറുമൊരു അതിഥിവേഷമല്ലായെന്നും വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രം തന്നെയാവും എന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 14 ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിനും ആമിര്‍ ഖാനുമൊപ്പം നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍, ശ്രുതി ഹാസന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അടുത്തിടെ റിലീസ് ചെയ്ത മോണിക്ക എന്ന ഗാനത്തില്‍ സൗബിന്‍ ഷഹിറിന്റെ നൃത്തരംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.