നാഷണൽ ട്രസ്റ്റ് ആക്ട്: ജില്ലയിൽ പുതിയ ലോക്കൽ ലെവൽ കമ്മിറ്റി ചുമതലയേറ്റു
മുൻ സമിതി 53 ഹിയറിംഗുകളിൽ 2060 ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകി.മലപ്പുറം നാഷണൽ ട്രസ്റ്റ് 2025- 28 വർഷത്തേക്കുള്ള ലോക്കൽ ലെവൽ കമ്മിറ്റി നിലവിൽ വന്നു. ജില്ലാ കളക്ടർ വി.ആർ വിനോദ് ചെയർമാനായ കമ്മിറ്റിയിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ എൻ.ജി.ഒ പ്രതിനിധി സി.കെ എ ഷമീർ ബാവ, പി.ഡബ്ല്യു.ഡി വിഭാഗത്തിൽ കെ. അബ്ദുൾ നാസർ, ലീഗൽ അഡ്വൈസർ അഡ്വ. സുജാത വർമ്മ, ഡി.എൽ.എസ്.എ സെക്രട്ടറി അഡ്വ. ഷാബിർ ഇബ്രാഹിം, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, ജില്ലാ രജിസ്ട്രാർ പ്രതിനിധി വിനോദ് എന്നിവർ അംഗങ്ങളാണ്.
ഓട്ടിസം, സെറിബ്രൽ പാൾസി, ഇന്റെലക്ച്വൽ ഡിസബിലിറ്റി, മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനായുള്ള നാഷണൽ ട്രസ്റ്റ് ആക്ട്, 1999 പ്രകാരം സ്ഥാപിതമായ സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് നാഷണൽ ട്രസ്റ്റ് എൽ.എൽ.സി. നിയമപരവും ക്ഷേമപരവുമായ രണ്ട് അടിസ്ഥാന കടമകൾ നിർവഹിക്കുന്നതിനാണ് നാഷണൽ ട്രസ്റ്റ് എൽ.എൽ.സി രൂപീകരിച്ചിരിക്കുന്നത്. നിയമപരമായ രക്ഷാകർതൃത്വം (ലീഗൽ ഗാർഡിയൻഷിപ്പ്) നൽകുക, ഇത്തരം വ്യക്തികളുടെ സ്വത്തും ജീവനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുക എന്നിവയാണ് ചുമതലകൾ.
കളക്ടറുടെ ചേംബറിൽ നടന്ന പുതിയ സമിതിയുടെ ആദ്യ യോഗത്തിൽ എൻ.ജി.ഒ പ്രതിനിധി സി.കെ.എ. ഷമീർ ബാവയ്ക്ക് എൽ.എൽ.സി ചെയർമാനായ ജില്ലാ കളക്ടർ ഉത്തരവ് കൈമാറി. തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, ഹെൽത്ത് കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, സെക്രട്ടറി ടി. എം, താലിസ് (എൻ. ജി. ഒ മെമ്പർ), പ്രൊജക്റ്റ് കോ- ഓർഡിനേറ്റർ ഐ. പി നവാസ്, എൽ. എൽ. സി കോർഡിനേറ്റർമാരായ ഷാഹിന, അർച്ചന എന്നിവരും സംബന്ധിച്ചു.
കഴിഞ്ഞ എൽ.എൽ.സിയുടെ കലാവധി ഈ വർഷം മാർച്ച് മാസമാണ് അവസാനിച്ചിരുന്നത്. 53 ഹിയറിംഗുകൾ സംഘടിപ്പിക്കുകയും അത് വഴി 2060 ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകൾ ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കുകയും ചെയ്തു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകിയ മികച്ച എൽ.എൻ.സിയായി കഴിഞ്ഞ ടേമിൽ മലപ്പുറം നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റി മാറി. ഇന്ത്യയിലാദ്യമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രാദേശിക ഹിയറിംഗുകൾ സംഘടിപ്പിക്കാനും മലപ്പുറം എൽ. എൽ. സി ക്കായി.
ജില്ലയിൽ ഫാസ്റ്റ് ട്രാക്ക് ഹിയറിംഗുകൾ സംഘടിപ്പിച്ചുകൊണ്ട് ലീഗൽ ഗാർഡിയൻ ഷിപ്പ് അപേക്ഷകൾ തീർപ്പാക്കുകയും സ്പെഷ്യൽ ട്രാക്ക് ഹിയറിംഗകളിലൂടെ സ്വത്തും ജീവനുമായി ബന്ധപ്പെട്ട അപേക്ഷകൾ തീർപ്പാക്കുകയും ചെയ്തു വരുന്നു.