Fincat

യുവനേതാക്കള്‍ റീല്‍സില്‍ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങണം; യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂര്‍

കോട്ടയം: പി ജെ കുര്യന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യുവനേതാക്കള്‍ റീല്‍സില്‍ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും രാജകൊട്ടാരത്തില്‍ കുബേരന്മാര്‍ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ജനങ്ങള്‍ക്കിടയിലാകണം നേതാക്കളുടെ അടിത്തറയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘യുവ നേതാക്കള്‍ റില്‍സില്‍ നിന്നും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം. അതിന് ഏത് മാധ്യമങ്ങള്‍ വേണമെങ്കിലും ഉപയോഗിക്കാം. ഇത് മാത്രമാണ് ജീവിത ലക്ഷ്യം എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങളില്‍ നിന്നും അകന്നുപോകും.മഹാരാജാക്കന്മാരുടെ കാലം പോലെ നമുക്ക് അങ്ങനെ മാറാന്‍ കഴിയില്ല. രാജകൊട്ടാരത്തില്‍ കുബേരന്മാര്‍ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. ജനങ്ങളുടെ വോട്ടു പിടിക്കണമെങ്കില്‍ ജനമധ്യത്തില്‍ പ്രവര്‍ത്തിക്കണം. അതിനുവേണ്ടിയുള്ള ഒരു മാധ്യമമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാം. അതില്‍ തെറ്റില്ല. എന്നാല്‍ അടിത്തറ ജനങ്ങള്‍ക്കിടയില്‍ ആകണം. ഇതില്ലെങ്കില്‍ ജനാധിപത്യത്തില്‍ ശാശ്വതമായി നിലനില്‍ക്കില്ല’, അദ്ദേഹം
പറഞ്ഞു.

തങ്ങള്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഗ്രാമീണ ചെറുപ്പക്കാരെയാണ് കേന്ദ്രീകരിച്ചിരുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പിജെ കുര്യന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ടിവിയില്‍ മാത്രമാണ് നേതാക്കളെ കാണുന്നതെന്നും എന്നാല്‍ എസ്എഫ്ഐ ക്ഷുഭിത യൗവ്വനത്തെ ഒപ്പം നിര്‍ത്തുന്നുവെന്നുമായിരുന്നു പി ജെ കുര്യന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിലായിരുന്നു പി ജെ കുര്യന്‍ വിമര്‍ശനം ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ജില്ലാ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും വേദിയിലിരിക്കെയായിരുന്നു പി ജെ കുര്യന്റെ വിമര്‍ശനം. ഇത് വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചു.പി ജെ കുര്യനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കെഎസ്യു നേതാക്കളും രംഗത്തെത്തി.

എസ്എഫ്‌ഐയുടെ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ തെളിച്ചത്തോടെ കാണുമ്പോഴും തെരുവില്‍ എരിയുന്ന യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ കാണാനാകാത്തത് ഖേദകരമാണെന്നായിരുന്നു കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം ദേവദാസ് പറഞ്ഞത്. പി ജെ കുര്യനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജനറല്‍ സെക്രട്ടറി ജിതിന്‍ ജി നൈനാന്‍ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകരുടെ മേല്‍ ഉള്ള വ്യക്തിഗത കേസുകളുടെ എണ്ണം പി ജെ കുര്യന്റെ പ്രായത്തിനെക്കാളും കൂടുതല്‍ വരുമെന്നായിരുന്നു കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അജാസ് കുഴല്‍മന്ദം പറഞ്ഞത്. വിമര്‍ശനം കനത്തപ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി പി ജെ കുര്യന്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിനെതിരെ പറഞ്ഞത് ഉത്തമബോധ്യത്തോടെയാണെന്ന് പി ജെ കുര്യന്‍ പ്രതികരിച്ചിരുന്നു.