Fincat

യുവതിയോട് വഴി ചോദിച്ചതിനു പിന്നാലെ ശരീരത്തിൽ കയറിപിടിച്ചു; 2 പേര്‍ അറസ്റ്റിൽ

ചേര്‍ത്തല കുത്തിയതോട് റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്നതിനായി ക്ലേ തയ്യാറാക്കി നിൽക്കുകയായിരുന്ന യുവതിയെ കയറി പിടിച്ച് ബൈക്കിൽ കടന്നുകളഞ്ഞ യുവാക്കള്‍ പിടിയില്‍. പട്ടണക്കാട് പുത്തന്‍മാളിക കാജുമന്‍സിലില്‍ സിയാദ് (39), തുറവൂര്‍ കൊച്ചുതറയില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ കുത്തിയതോട് ഇൻസ്പെക്ടർ ഓഫ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കുത്തിയോട് തൈയ്ക്കാട്ടുശ്ശേരി ഫെറി റോഡിലാണ് സംഭവം നടന്നത്. റോഡരികിലാണ് യുവതിയുടെ വീട്. വീടിന് സമീപത്തെ റോഡരികിൽ ക്ലേ മോഡലിങിനായി കളിമണ്ണ് കലക്കി നിൽക്കുന്നതിനിടെ യുവതിയുടെ അടുത്തേക്ക് രണ്ടു പേര്‍ ബൈക്കിലെത്തുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ടുപോയശേഷം യുവതിയുടെ അടുത്തേക്ക് തിരിച്ചുവരുകയായിരുന്നു.

 

തുടര്‍ന്ന് ബൈക്കിന്‍റെ പുറകിലിരുന്ന യുവാവ് ഇറങ്ങി യുവതിയോട് ആരുടേയോ വീട്ടിലേക്ക് വഴി ചോദിച്ചതിനുശേഷം പെട്ടെന്ന് യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ മാതാപിതാക്കളെ കണ്ട് ഭയന്ന പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞു. സംഭവത്തെ തുടർന്ന് യുവതിയുടെയും മാതാപിതാക്കളുടെയും പരാതിയോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി.