നാട്ടിൽ നിന്ന് മടങ്ങി വിമാനിറങ്ങിയ പ്രവാസി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
റിയാദ്: അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. റിയാദ് എയർപോർട്ടിൽ എത്തിയ തൃശൂർ സ്വദേശിയാണ് വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചത്. അൽ ജൗഫ് മൈഖോവയിൽ ജോലി ചെയ്ത് വന്നിരുന്ന തൃശൂർ മണ്ണംപേട്ട സ്വദേശി രാജു ഇടശ്ശേരി പാപ്പുകുട്ടി (59) ആണ് ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്.
തിങ്കളാഴ്ച രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസിൽ എത്തിയ ഇദ്ദേഹം രാവിലെ റിയാദിൽ വിമാനമിറങ്ങിയതായിരുന്നു. കണക്ഷൻ വിമാനത്തിൽ അൽ ജൗഫിലേക്ക് പോകേണ്ടതായിരുന്നു. റിയാദിൽ നിന്നും അൽ ജൗഫിലേക്കുള്ള ഡൊമസ്ടിക് വിമാനം നഷ്ടമായതിനെ തുടർന്ന് ബസിൽ പുറപ്പെടാനിരിക്കെയാണ് കുഴഞ്ഞുവീണത്. റിയാദ് എയർപോർട്ടിൽ നിന്ന് ഉടൻ തന്നെ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണം സ്ഥിരീകരിച്ച ശേഷം പിന്നീട് മൃതദേഹം റിയാദ് ശുമൈസി ഹോസ്പിറ്റലിലേക്ക് മാറ്റി.
റിയാദിൽ നിന്നും 1100 കിലോമീറ്റർ അകലെ അൽ ജൗഫ് മൈഖോവയിൽ 30 വർഷത്തിലധികമായി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബമാണ്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. നിയമനടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അൽ ജൗഫിലെ മൈഖോവയിലും ദോമയിലും സക്കാക്കയിലുമൊക്കെ നിരവധി സുഹൃത്തുക്കളുള്ള, എല്ലാവരാലും അറിയപ്പെടുന്ന വ്യക്തിയായിരുന്നു മരണപ്പെട്ട രാജു ഇടശ്ശേരി പാപ്പുകുട്ടി.