Fincat

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ഒരാള്‍ കൂടി പിടിയില്‍

കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് കിണാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെ (35) തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. മഞ്ചേരി മാരിയാട് ആലുക്കല്‍ വാലുപറമ്പില്‍ ഷറഫുദ്ദീനാണ് (32) പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയതിലും പദ്ധതി ആസൂത്രണം ചെയ്തതിലും നേരിട്ട് പങ്കുള്ളയാളാണ് ഇപ്പോള്‍ അറസ്റ്റിലായ ഷറഫുദ്ദീനെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ കേസിലെ പ്രധാന പ്രതിയായ വള്ളുവമ്പ്രം സ്വദേശിയുള്‍പ്പെടെ മറ്റ് രണ്ടു പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം ഷമീര്‍ പറഞ്ഞു. ഇതേ കേസിൽ കഴിഞ്ഞ ദിവസം മൊറയൂര്‍ കുടുംബിക്കല്‍ ചെറലക്കല്‍ നബീല്‍ (30), വള്ളുവമ്പ്രം മഞ്ചേരിത്തൊടി ഇര്‍ഫാന്‍ ഹബീബ് (35) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. മലപ്പുറം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവർ മൂന്നു പേരും ഇപ്പോൾ മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡിൽ കഴിയുകയാണ്.