Fincat

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, 73 വയസ്സുള്ള സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചു, യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കൊച്ചി: കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ആലുവ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം എറണാകുളം ജില്ലാ കോഡിനേറ്റര്‍ ഇജാസിന് എതിരെയാണ് കേസ്. 73 വയസ്സുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ ബാലകൃഷ്ണനെയാണ് ഇജാസ് മര്‍ദ്ദിച്ചത്. ഇക്കഴിഞ്ഞ പതിനാലാം തീയതി ഉണ്ടായ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കൊച്ചിന്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബാലകൃഷ്ണന്‍. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലെന്നും സ്‌കൂട്ടര്‍ നീക്കിവെക്കണമെന്നുമാണ് സ്‌കൂട്ടര്‍ യാത്രക്കാരനോട് പറഞ്ഞത്. എന്നാല്‍ ഈ സമയത്ത് സ്ഥലത്തെത്തിയ ഇജാസ് നീ എന്താണ് പറയുന്നതെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബാലകൃഷ്ണന്‍ വിശദീകരിച്ചു. നേരത്തെ ഇജാസ് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ആ വൈരാഗ്യത്തില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സൂചന.