Fincat

പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഇനി മുതല്‍ ‘ക്വാഡ്രാബേ’ വെരിഫിക്കേഷന്‍ സര്‍വീസ് വഴി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ‘ക്വാഡ്രാബേ’ വെരിഫിക്കേഷന്‍ സര്‍വീസസുമായി സഹകരിച്ച് പുതിയ അക്കാദമിക് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സേവനം ഇന്നുമുതല്‍ ആരംഭിച്ചു. വിദേശത്ത് നിന്ന് ലഭിച്ച വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യതാ നിര്‍ണ്ണയ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും അവയുടെ ആധികാരികത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. അംഗീകൃത കമ്പനിയുടെ മുന്‍കൂര്‍ പരിശോധനയില്ലാതെ ഒരു തുല്യതാ സര്‍ട്ടിഫിക്കറ്റ് അപേക്ഷയും ഇനി സ്വീകരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പരിശോധിച്ച രേഖകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ നിയമങ്ങള്‍ പാലിക്കുന്നതുമായിരിക്കണം.

വിദേശ അക്കാദമിക് ബിരുദങ്ങള്‍ക്ക് അംഗീകാരം തേടുന്ന എല്ലാ പ്രവാസികളോടും തങ്ങളുടെ ഔദ്യോഗിക ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഈ പോര്‍ട്ടല്‍ വഴി അവര്‍ക്ക് പരിശോധനാ പ്രക്രിയ ആരംഭിക്കാനും കഴിയും. ഈ പുതിയ നടപടി കുവൈത്തിലെ അക്കാദമിക സമഗ്രത ശക്തിപ്പെടുത്താനും അന്താരാഷ്ട്ര വിദ്യാഭ്യാസ യോഗ്യതാ രേഖകളുടെ മൂല്യനിര്‍ണ്ണയത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.