കേരളത്തിൽ വിവാഹ വാഗ്ദാനങ്ങളിൽ വഞ്ചിതരാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് : വനിതാ കമ്മീഷൻ
വിവാഹ വാഗ്ദാനങ്ങളിൽ വഞ്ചിതരാകുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടാകുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വിവാഹം കഴിയ്ക്കാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി പണവും ആഭരണങ്ങളും സ്വത്തും അപഹരിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പരാതികളാണ് കമ്മീഷന് മുന്നിൽ അധികമായി എത്തുന്നതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു. ഇത്തരം പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ സ്ത്രീകൾ കൂടുതൽ ജാഗരൂകരാവേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ കമ്മീഷൻ 80 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 10 പരാതികൾ തീർപ്പാക്കി. 62 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റിവച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
കളക്ട്രേറ്റിൽ നടന്ന സംസ്ഥാന വനിത കമ്മീഷന്റെ ജില്ലാതല അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി , അഡ്വക്കേറ്റ് പാനൽ അംഗങ്ങളായ അഡ്വ. അമ്പിളി, അഡ്വ. സ്മിത ഗോപി, അഡ്വ. യമുന തുടങ്ങിയവർ പങ്കെടുത്തു.