പൊതു വിദ്യാലയങ്ങളിൽ തസ്തിക നിർണ്ണയത്തിന് ജൂൺ 30 വരെ പരിഗണിക്കും; കുറുക്കോളി മൊയ്തീൻ എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ 2025-2026 അധ്യയന വർഷം തസ്തിക നിർണയത്തിന് ജൂൺ 30 വരെ ലഭ്യമായിട്ടുള്ള കുട്ടികളുടെ യു.ഐ.ഡി നമ്പർ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി കുറുക്കോളി മൊയ്തീൻ എം.എൽ.എക്ക് ഉറപ്പു നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ആറാം പ്രവൃത്തി ദിവസമായ ജൂൺ 10 ന് ലഭ്യമായ യു. ഐ .ഡിയുടെ അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തിയത് കാരണം വിദ്യാലയങ്ങളിൽ കുട്ടികൾ ഉണ്ടായിട്ടും നിരവധി അധ്യാപകർ വിദ്യാലയങ്ങളിൽ നിന്ന് പുറത്തായിട്ടുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതിലാണ് വിദ്യാഭ്യാസ മന്ത്രിയോട് എം.എൽ.എ ഈ ആവശ്യം ഉന്നയിച്ചത്. ജൂൺ 30 വരെ ലഭ്യമാകുന്ന ആധാറുകൾ തസ്തിക നിർണയത്തിന് പരിഗണിക്കുമെന്ന് അധ്യാപക സംഘടനകൾക്ക് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയിട്ടും ജൂൺ 10 ലെ യു .ഐ .ഡിയുടെ എണ്ണം അടിസ്ഥാനമാക്കി തസ്തിക നിർണയ ഉത്തരവ് പുറത്തിറങ്ങിയത് അധ്യാപകരെ ആശങ്കയിലാക്കിയിരുന്നു. പ്രസ്തുത തസ്തിക നിർണയ ഉത്തരവ് മരവിപ്പിക്കണമെന്നും 2025 ജൂൺ 30 വരെ ലഭ്യമാകുന്ന യു .ഐ . ഡി യുടെ അടിസ്ഥാനത്തിൽ പുതിയ തസ്തിക നിർണയ ഉത്തരവ് പുറത്തിറക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ യു. ഐ .ഡി ലഭ്യമാക്കുന്നതിന് കുട്ടികൾക്ക് കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.എൽ.എ മുമ്പും വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.