Fincat

നിപ സംശയിക്കുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി ; ഇന്ന് സംസ്ഥാനത്ത് ആകെ 723 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

പാലക്കാട് മരണമടഞ്ഞയാളുടെ മകന് പ്രാഥമിക പരിശോധനയില്‍ നിപ സംശയിച്ചതോടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. തുടര്‍ പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള ഇദ്ദേഹം ഐസൊലേഷനില്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഫാമിലി ട്രീയും തയ്യാറാക്കി. കുടുംബത്തിന് മാനസിക പിന്തുണ ഉറപ്പാക്കും. ആവശ്യമായ എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

 

വിവിധ ജില്ലകളിലായി ആകെ 723 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. അതില്‍ 51 പേരാണ് പുതിയതായി നിപ സംശയിക്കുന്ന വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറം ജില്ലയില്‍ 212 പേരും പാലക്കാട് 394 പേരും കോഴിക്കോട് 114 പേരും എറണാകുളം 2 പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 84 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 7 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 142 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.