എസ് പി സി എ മാനേജിങ് കമ്മിറ്റി രൂപീകരണം: യോഗം ചേര്‍ന്നു
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) മലപ്പുറം ജില്ലാ യൂണിറ്റിന്റെ മാനേജിങ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്നു. മാനേജിങ് കമ്മിറ്റിയംഗങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണ്‍ ആയും ജില്ലാ കളക്ടര്‍ കോ-ചെയര്‍മാനായും ജില്ലാ പോലിസ് മേധാവി വൈസ് ചെയര്‍മാനായും ജില്ലാ ചീഫ് വെറ്ററിനറി ഓഫിസര്‍ കണ്‍വീനര്‍ ആയും എ.ഡി.എം, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ വെറ്ററിനറി സര്‍ജന്‍ എന്നിവര്‍ മാനേജിങ് കമ്മിറ്റിയംഗങ്ങളുമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ജില്ലയില്‍ നിലവിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍, പൊതുജനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്നിവരെ ചേര്‍ത്താണ് മാനേജിങ് കമ്മിറ്റി രൂപീകരിക്കുന്നത്.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക, ദുരിതമനുഭവിക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തുക എന്നിവയാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പരിക്കേറ്റ മൃഗങ്ങള്‍ക്ക് പ്രത്യേക അഭയകേന്ദ്രമൊരുക്കുക, അവയെ പരിചരിക്കുക എന്നതും സംഘത്തിന്റെ ലക്ഷ്യമാണ്. കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പരിശീലനം നല്‍കാനും സംഘം പ്രവര്‍ത്തിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം വി ടി ഘോളി, ജില്ലാ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ. ഷാജി, ഡിവൈഎസ്പി കെ.എം.ബിജു, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.