‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം; കുടുംബം ഹൈക്കോടതിയില്‍
കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ വിദേശത്തേക്ക് പോയ സാഹചര്യത്തിലാണ് അമ്മയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ അമ്മയ്ക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ പ്രധാനമായും പറയുന്നത്, വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ഭര്‍തൃവീട്ടിലെ ശാരീരിക മാനസിക പീഡനങ്ങളെ തുടര്‍ന്നാണ്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വിപഞ്ചിക ഫോണില്‍ വിളിക്കുകയും നേരിട്ട പീഡനങ്ങളെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞിരുന്നു. തന്റെ അനുവാദമില്ലാതെ, തന്നോട് പറയുക പോലും ചെയ്യാതെ 40 പവന്റെ ആഭരണങ്ങള്‍ ഭര്‍ത്താവ് എടുത്തുകൊണ്ടുപോയെന്നും പറഞ്ഞിരുന്നു. വിപഞ്ചിക കടുത്ത ശാരീരിക പീഡനങ്ങള്‍ക്കിരയായി എന്ന് കുടുംബത്തിന് ബോധ്യമുണ്ടായിരുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് അത്തരത്തിലുള്ള ഭീഷണികളുമുണ്ടായിരുന്നു.
വിപഞ്ചികയുടെ മരണം ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും കൊലപാതകത്തിനുള്ള സാധ്യതകളുണ്ടെന്നും കുടുംബം ആരോപിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യ ചെയ്തു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുഎഇ അധികൃതരില്‍ നിന്ന് കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. ഭര്‍തൃവീട്ടുകാര്‍ മൃതദേഹം അവിടെ സംസ്‌കരിക്കാനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്. പക്ഷേ തങ്ങള്‍ക്ക് മകളെ അവസാനമായി കാണണമെന്നും സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്തണമെന്നും ആ?ഗ്രഹമുണ്ട്. അതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ ഹൈക്കോടതി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു.