Fincat

വി എസിന് ഇന്ന് വിവാഹ വാര്‍ഷികം; പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷയെന്ന് മകന്‍

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് വിവാഹ വാര്‍ഷികം. വി എസ് അച്യുതാനന്ദന്‍ – കെ വസുമതി ദമ്പതികള്‍ക്ക് ഇന്ന് 58 -ാം വിവാഹ വാര്‍ഷികമാണ്. വി എസിന്റെ വിവാഹ വാര്‍ഷിക ദിനം മകന്‍ അരുണ്‍ കുമാര്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഒപ്പം പ്രതീക്ഷയുടെ കുറിപ്പും പങ്കുവച്ചു.

‘പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍…’ – എന്നായിരുന്നു അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 1967 ലാണ് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വച്ച് വി എസ് അച്യുതാനന്ദന്‍ – കെ വസുമതി ദമ്പതികളുടെ വിവാഹം നടന്നത്.

കഴിഞ്ഞ മാസം 23 നാണ് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളടക്കം മൂര്‍ച്ഛിച്ചതോടെ വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന വി എസ് വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിയുന്നത്.

നെഫ്രോളജി വിദഗ്ധനടക്കം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എത്തുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വി എസിന്റെ ആരോഗ്യ സ്ഥിതി ദിവസവും വിലയിരുത്തുന്നുണ്ട്. ഡയാലിസ് അടക്കം ചികിത്സകള്‍ തുടരാനാണ് നിര്‍ദ്ദേശം.

അരുണ്‍ കുമാറിന്റെ കുറിപ്പ്

വര്‍ഷങ്ങള്‍!
ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..
പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍…