സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന 15 കാരിയെ തട്ടിക്കൊണ്ടുപോയി, വര്‍ക്ക് ഷോപ്പിലെത്തിച്ച് പീഡനം; 31 കാരന് ജീവപര്യന്തം തടവ്
തമിഴ്‌നാട് നീലഗിരിയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം തടവ്. ഊട്ടി മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കോടതി വെറുതെവിട്ടു. 2020 ജനുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന പതിനഞ്ചുകാരിയെ പ്രതി മുരളി കാറിലേക്ക് ബലമായി പിടിച്ചുകയറ്റുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോപാലകൃഷ്ണനെ വീട്ടില്‍ ഇറക്കിവിട്ട പ്രതി, പിന്നീട് ഒരു വര്‍ക്ഷോപ്പിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പിറ്റേന്ന് രാവിലെ സ്‌കൂളിനടുത്ത് പെണ്‍കുട്ടിയെ ഇറക്കിവിട്ട മുരളി, പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി പീഡന വിവരം അമ്മയോട് പറഞ്ഞു.
തുടര്‍ന്ന് അമ്മ പാെലീസിനെ സമീപിക്കുകയായിരുന്നു. അമ്മയുടെ പരാതിയില്‍ കേസെടുത്ത കുനൂര്‍ പൊലീസ് പോക്‌സോ നിയമപ്രകാരം മുരളിയെയും, ഗോപാലകൃഷ്ണനെയും അറസ്റ്റു ചെയ്തു. മുരളിക്കെതിരെ ചുമത്തിയ 4 കുറ്റങ്ങളും തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 15,000 രൂപ പിഴയും ചുമത്തി. ഗോപാലകൃഷ്ണന്‍ കുറ്റക്കാരന്‍ അല്ലെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിക്ക് സംസ്ഥാന സക്കാര്‍ 2 ലക്ഷം രൂപ ധനസഹായം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.