Fincat

തിരൂരങ്ങാടിയില്‍ സഹോദരനെ വധിക്കാന്‍ ക്വട്ടേഷന്‍; മൂന്ന് പേര്‍ പിടിയില്‍

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താന്‍ ക്വട്ടഷന്‍ നല്‍കിയ സഹോദരനടക്കം മൂന്ന് പേര്‍ പിടിയില്‍. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പന്‍തൊടിക നൗഷാദ് (36), ക്വട്ടേഷന്‍ സംഘാംഗങ്ങളായ മുഹമ്മദ് അസ്ലം (20), സുമേഷ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ ആറിന് മലപ്പുറം തിരൂരങ്ങാടിയിലാണ് കേസിനസ്പദമായ സംഭവം നടന്നത്. സഹോദരനായ മുഹമ്മദലിയെ (43) വധിക്കാനാണ് നൗഷാദ് ക്വട്ടേഷന്‍ നല്‍കിയത്. പുലര്‍ച്ചെ 4.50ന് പ്രഭാത നിസ്‌കാരത്തിനായി ബൈക്കില്‍ പോകവേ റോഡില്‍ വെച്ച് മുഹമ്മദ് അസ്ലം, സുമേഷ് എന്നിവര്‍ മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

ആക്രമണത്തില്‍ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഹമ്മദലിയുടെ പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് നൗഷാദ്. ഇവര്‍ തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് മുഹമ്മദലിയെ അപായപ്പെടുത്താന്‍ നൗഷാദ് കൂട്ടുപ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. അഡ്വാന്‍സ് ആയി 15000 രൂപ കൈമാറുകയും ചെയ്തിരുന്നു. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സാധിച്ചത്.