Fincat

വരുമാനത്തില്‍ റെക്കോര്‍ഡ് കുതിപ്പുമായി BCCI; 2023-24ല്‍ നേടിയത് 9742 കോടി രൂപ, IPLല്‍ നിന്ന് മാത്രം 5761 കോടി


ലോകക്രിക്കറ്റില്‍ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. ഐസിസിയുടെ വരുമാനത്തില്‍ ഏറിയ പങ്കും ലഭിക്കുന്നത് ബിസിസിഐയ്ക്കാണ്.മറ്റു പല വരുമാന മാർഗങ്ങളും ബോർഡിനുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ സാമ്ബത്തിക വർഷത്തെ ബിസിസിഐയുടെ വരുമാനക്കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.
2023-24 വർഷത്തില്‍‌ ബിസിസിഐയുടെ വരുമാനം 9741 കോടിയാണ്. ഇതില്‍ പകുതിയിലധികവും ലഭിച്ചത് ഐപിഎല്ലില്‍ നിന്നാണ്. 5761 കോടിയാണ് ഐപിഎല്‍ നടത്തിപ്പില്‍ നിന്ന് മാത്രം ബിസിസിഐയുടെ ഗജനാവിലെത്തിയത്. മൊത്തം വരുമാനത്തിന്റെ 59 ശതമാനം വരുമിത്. ഐപിഎല്‍ ഇതര ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം വിറ്റ വകയിലടക്കം 361 കോടിയാണ് ബോർഡിന് ലഭിച്ചത്.

ബിസിസിഐയെ സംബന്ധിച്ച്‌ ഐപിഎല്‍ ഒരു പൊൻമുട്ടയിടുന്ന താറാവാണെന്നാണ് പുതിയ കണക്കുകള്‍‌ പുറത്ത് വന്ന ശേഷം ബിസിനസ് വിദഗ്ധനായ ലോയ്ഡ് മത്യാസ് പ്രതികരിച്ചത്. 2007ല്‍ ബിസിസിഐ ഒരു പൊൻമുട്ടയിടുന്ന താറാവിനെ കണ്ടെത്തി. ലോകത്തിലെ തന്നെ മികച്ചൊരു ക്രിക്കറ്റ് ടൂർണമെന്റായി അത് വളർന്നു. മീഡിയാ റൈറ്റ്സ് വർധിച്ചു. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന പല താരങ്ങള്‍ക്കും മുന്നില്‍ അത് അവസരങ്ങളുടെ വാതില്‍ തുറന്നിട്ടു. ഐപിഎല്‍ വളരും തോറും ബിസിസിഐയുടെ വരുമാനത്തിലും ആ വളർച്ച പ്രതിഫലിക്കും”, ലോയ്ഡ് പ്രതികരിച്ചു.

രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയ പരമ്ബരാഗത ഫോർമാറ്റുകളെ വാണിജ്യവല്‍ക്കരിക്കുന്നതിലൂടെ വലിയ സാധ്യതകളാണ് ബിസിസിഐക്ക് മുന്നില്‍ തുറന്ന് കിട്ടുന്നത് എന്ന് റെഡിഫ്യൂഷൻ മേധാവി സന്ദീപ് ഗോയല്‍ പറഞ്ഞു.
ഐസിസിയുടെ വരുമാനത്തില്‍ നിന്ന് പ്രതിവർഷം 38.5 ശതമാനമാണ് ബിസിസി.ഐക്ക് ലഭിക്കുക. ഏകദേശം 1968 കോടി രൂപ വരുമിത്. ലോക ക്രിക്കറ്റിലെ വൻ ശക്തികളായ ഇംഗ്ലണ്ടിനും ആസ്ത്രേലിയക്കുമാണ് ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് 6.89 ശതമാനവും ക്രിക്കറ്റ് ഓസ്ട്രേലിയക്ക് 6.25 ശതമാനവുമാണ് ലഭിക്കുക. ഇതിനെതിരെ പല ക്രിക്കറ്റ് ബോർഡുകളും നേരത്തേ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

2023 ല്‍ ഐസിസി നടപ്പിലാക്കിയ റെവന്യൂ ഷെയറിങ് മോഡല്‍ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഴുവൻ വരുമാനത്തിന്റെ 12 ശതമാനം ഫുള്‍ മെമ്ബർമാരായ ഒമ്ബത് രാജ്യങ്ങള്‍ക്കിടയിലാണ് വിഭജിക്കുക. എന്നാല്‍ ഐസിസിക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.
ഐസിസിക്ക് ഏറ്റവും അധികം വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഇന്ത്യക്ക് നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചോദിക്കാൻ അർഹതയുണ്ടെന്നാണ് അടുത്തിടേ മുൻ ഇന്ത്യൻ കോച്ചും കമന്റേറ്ററുമായ രവിശാസ്ത്രി പ്രതികരിച്ചത്. ‘38.5 ശതമാനത്തേക്കാള്‍ ഇന്ത്യ അർഹിക്കുന്നുണ്ട്. ഐസിസിക്ക് ലഭിക്കുന്ന വരുമാനത്തിലെ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നാണ്. അതിനാല്‍ അവർക്ക് കൂടുതല്‍ ചോദിക്കാൻ അർഹതയുണ്ട്- ഇതായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.