Fincat

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം; മൂന്ന് മരണം, പരുക്കേറ്റവരില്‍ പള്ളി വികാരിയും

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ മൂന്ന് മരണം. 9 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പള്ളി വികാരിയും. വികാരിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു.

പള്ളിയില്‍ അബദ്ധത്തില്‍ ആയുധം പതിച്ചതില്‍ ദുഃഖം പ്രകടിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി.അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. സംഭവം പരിശോധിച്ചു വരികയാണെന്നും സൈന്യം വ്യക്തമാക്കി.

ഹോളി ഫാമിലി പള്ളിയുടെ മേല്‍ക്കൂര ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പയും രംഗത്തെത്തി. വെടിനിര്‍ത്തലിനുള്ള ആഹ്വാനം മാര്‍പാപ്പ ആവര്‍ത്തിച്ചു. ജീവിച്ചിരിക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം ബന്ധപ്പെട്ടിരുന്ന പള്ളിയാണ് ഗസ്സയിലെ ഹോളി ഫാമിലി പള്ളി.

54 ഭിന്നശേഷിക്കാരടക്കം 600 ഓളം കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയ കേന്ദ്രമാണ് ഗസ്സയിലെ ഹോളി ഫാമിലി പളളി. സംഭവം ചര്‍ച്ച ചെയ്യാന്‍ ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.