Fincat

ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭിന്നശേഷിക്കാരിയായ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയെ കുടുംബമാശ്രയിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകള്‍ അശ്വതയാണ് മരിച്ചത്. കുടുംബം ആരോഗ്യ മന്ത്രിയ്ക്ക് പരാതി നല്‍കി.

ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രക്ഷിതാക്കള്‍ അശ്വതയെകൊണ്ടുപോയത്. പക്ഷേ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിക്ക് ലഭിക്കേണ്ട ഒരു പരിഗണനയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ചില്ല എന്നുള്ളതാണ് ഇവരുടെ പരാതി. ആരോഗ്യനില വളരെ മോശമായിട്ടും ഗൗരവത്തോടെ ഡോക്ടര്‍മാര്‍ പരിഗണിച്ചില്ല. വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് അറിയിച്ചു.

മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ തന്നെ ചിലവ് താങ്ങാവുന്നതിലും അധികമായി. നാട്ടുകാരാണ് ഈ നിര്‍ധന കുടുംബത്തെ സഹായിച്ചത്. പിന്നീട് മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് രോഗം മൂര്‍ച്ഛിച്ച് അശ്വതയുടെ മരണം. മെഡിക്കല്‍ കോളേജിനെതിരെ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കി. എന്നാല്‍ നിലവിലുള്ള 26 വെന്റിലേറ്ററുകളില്‍ ഒഴിവില്ലാത്തതിനാലാണ് നല്‍കാതിരുന്നത് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ വിശദീകരണം.