Fincat

വനിതാ യൂറോ 2025; ഷൂട്ടൗട്ടില്‍ സ്വീഡനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍


യൂറോ 2025 വനിതാ ചാമ്ബ്യൻഷിപ്പില്‍ ഇംഗ്ലണ്ട് സെമി ഫൈനലില്‍. സൂറിച്ചില്‍ നടന്ന ക്വാർട്ടർ ഫൈനലില്‍ സ്വീഡനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇംഗ്ലീഷ് വനിതകളുടെ മുന്നേറ്റം.ഷൂട്ടൗട്ടില്‍ 3-2 നായിരുന്നു നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് സ്വീഡനെ പരാജയപ്പെടുത്തിയത്.
നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് സമനിലയിലായതിനെത്തുടർന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിച്ചു വരവാണ് ഇംഗ്ലണ്ട് നടത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കൊസോവെയർ അസ്‌ലാനിയുടെയും സ്റ്റിന ബ്ലാക്ക്‌സ്റ്റീനിയസിന്റെയും ഗോളുകളിലൂടെ സ്വീഡൻ 2-0 ന് മുന്നിലെത്തി.

സ്വീഡൻ‌ വിജയമുറപ്പിച്ച നിമിഷമാണ് ഇംഗ്ലണ്ട് അതിനാടകീയമായി മത്സരത്തിലേക്ക് തിരിച്ചുവന്നത്. മത്സരം അവസാനിക്കാൻ 10 മിനിറ്റില്‍ താഴെ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. 79-ാം മിനിറ്റില്‍ ലൂസി ബ്രോണ്‍സ് ഒരു ഹെഡ്ഡറിലൂടെ ഇംഗ്ലണ്ടിന് ജീവൻ നല്‍കി. മിനിറ്റുകള്‍ക്കകം മിഷേല്‍ അഗ്‌യെമാങ് ഒരു ഗോള്‍ നേടി സ്കോർ സമനിലയിലാക്കി.

അധിക സമയത്ത് ഇരുഭാഗത്തുനിന്നും ഗോളുകള്‍ പിറക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ സ്മില്ല ഹോള്‍ംബെർഗ് ഷോട്ട് പുറത്തേക്ക് അടിച്ചതോടെ സ്വീഡന് പരാജയം വഴങ്ങേണ്ടിവന്നു. പിന്നാലെ ഇംഗ്ലണ്ട് സെമിയിലും എത്തി. ചൊവ്വാഴ്ച നടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും.