Fincat

അവളെ മാസങ്ങളോളം പീഡിപ്പിച്ചു: അധ്യാപകനെതിരെ വെളിപ്പെടുത്തലുമായി ഒഡീഷയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ സുഹൃത്ത്


ഭുവനേശ്വർ: കോളേജ് അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി കോളേജ് അവഗണിച്ചതിന് പിന്നാലെ സ്വയം തീകൊളുത്തി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സുഹൃത്ത്.മാസങ്ങള്‍ മുന്‍പ് അനുഭവിക്കുന്ന ക്രൂരതയെക്കുറിച്ച്‌ തന്നോട് വിദ്യാര്‍ത്ഥിനി തുറന്നുപറഞ്ഞിരുന്നുവെന്നാണ് സുഹൃത്തായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

‘കുറച്ചു മാസങ്ങള്‍ മുന്‍പ് എച്ച്‌ഒടി സമീര്‍ കുമാര്‍ സാഹുവി ഉപദ്രവിക്കുന്നുവെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നു. മനപൂര്‍വ്വം പരീക്ഷകളില്‍ പരാജയപ്പെടുത്തുകയാണെന്നും അവള്‍ പറഞ്ഞിരുന്നു. ഞാനോ മറ്റാരെങ്കിലുമോ വിഷയത്തില്‍ ഇടപെടണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ജൂണ്‍ മുപ്പതിന് അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാന്‍ അവള്‍ ഞങ്ങളെ വിളിച്ചു. വകുപ്പ് മേധാവി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അവള്‍ ഞങ്ങളോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. അന്ന് നടപടിയുണ്ടാകുമെന്ന് ഉറപ്പുലഭിച്ചു. എന്നാല്‍ പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അഡ്മിഷന്‍ നടന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങളവിടെ ഇല്ലായിരുന്നു. അപ്പോഴാണ് ആ വിളി വന്നത്. അവളെ ആഴത്തില്‍ വേദനിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും പ്രിന്‍സിപ്പാള്‍ പറഞ്ഞിരിക്കണം. അതാകും അവളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്’-സുഹൃത്ത് പറഞ്ഞു.

എച്ച്‌ഒഡി തന്നെ പിന്തുണയ്ക്കാനായി മുന്നൂറ് വിദ്യാര്‍ത്ഥികളെയാണ് ഒരുക്കിനിര്‍ത്തിയതെന്നും 20 പേര്‍ മാത്രമാണ് അവള്‍ക്കൊപ്പം നിന്നതെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ആത്മഹത്യാപ്രേരണ, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എച്ച്‌ഒടി സമീര്‍ കുമാര്‍ സാഹുവിനെയും പ്രിന്‍സിപ്പാള്‍ ദിലീപ് ഘോഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു.

ജൂലൈ പതിനാലിനാണ് അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി കോളേജ് അവഗണിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി സ്വയം തീ കൊളുത്തി മരിച്ചത്. ഭൂവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ബാലാസോറിലെ ഫക്കീര്‍ മോഹന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. വകുപ്പ് മേധാവി നിരന്തരം ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥി നല്‍കിയ പരാതി അവഗണിച്ചതിനെത്തുടര്‍ന്നാണ് സ്വയം തീക്കൊളുത്തിയത്. തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അക്കാദമിക് റെക്കോര്‍ഡ് കുഴപ്പത്തിലാക്കുമെന്നും കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമം തുടര്‍ച്ചയായതോടെ പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ആഭ്യന്തര പരാതി പരിഹാര സമിതിയെ സമീപിക്കുകയും ചെയ്തിരുന്നു.