Fincat

മിഥുൻ കേരളത്തിന്‌ നഷ്ടപ്പെട്ട മകൻ, ഷെഡിന് മുകളില്‍ കയറിയത് കുറ്റമായി കാണാനാവില്ല: ചിഞ്ചുറാണിയെ തള്ളി ശിവൻകുട്ടി


കൊല്ലം: തേവലക്കര ബോയ്സ് സ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ കേരളത്തിന്‌ നഷ്ടപ്പെട്ട മകനെന്ന് മന്ത്രി വി ശിവൻകുട്ടി.സംഭവം ആർക്കും സഹിക്കാൻ പറ്റുന്നതല്ല. കുട്ടി ഷെഡിന് മുകളില്‍ കയറിയത് കുറ്റമായി കാണാൻ കഴിയില്ലെന്നും
അതെല്ലാം കുട്ടികള്‍ ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മന്ത്രി ജെ ചിഞ്ചുറാണി നടത്തിയ പ്രസ്താവനയോടുള്ള പ്രതികരണമായിരുന്നു മന്ത്രി നടത്തിയത്. മകനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുട്ടികളാകുമ്ബോള്‍ പ്രായത്തിനനുസരിച്ച്‌ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയം എന്ന രീതിയില്‍ അവിടെ ഉണ്ടായ അനാസ്ഥ പരിശോധിക്കുമെന്നും പ്രഥമാധ്യാപകർക്കും മറ്റധ്യാപകർക്കും എന്ത് പണിയാണുള്ളതെന്നും മന്ത്രി ചോദിച്ചു.
സ്കൂള്‍ തുറക്കും മുമ്ബേ വലിയ തയ്യാറെടുപ്പാണ് നടത്തിയത്. സർക്കുലറില്‍ തന്നെ വൈദ്യുതി കമ്ബി അപകടകരമായ സ്ഥിതിയില്‍ ആണെങ്കില്‍ കെഎസ്‌ഇബിയെ അറിയിക്കാൻ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ സർക്കുലറിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്കൂള്‍ എടുത്തിട്ടില്ല. കെഎസ്‌ഇബി ഇടപെട്ടിട്ടില്ല എന്നാണെങ്കില്‍ മാറ്റുന്നത് വരെ കെഎസ്‌ഇബിയെ ബന്ധപ്പെടണമായിരുന്നു. അല്ലെങ്കില്‍ മന്ത്രിയെ ഉള്‍പ്പെടെ അറിയിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട്‌ കിട്ടിയാല്‍ നടപടിയുണ്ടാകും. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും ശിവൻകുട്ടി പറഞ്ഞു.
ഫിറ്റ്നസ് വാങ്ങിയിട്ടുണ്ട് എന്നാണ് പറഞ്ഞത്. അത് പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. ഫിറ്റ്നസ് കൊടുത്തവർ മറുപടി പറയേണ്ടി വരും. ഒരു കാരണവശാലും ഫിറ്റ്നസ് കൊടുക്കാൻ പാടില്ലായിരുന്നു. വിലയിരുത്തല്‍ നടത്തിയതിന്റെ വിശദ വിവരങ്ങള്‍ ചോദിക്കും.
അധ്യാപകർക്കെതിരായ നടപടിയില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പ് ഒരു വീട് വെച്ചു നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്കാരം നടക്കുക. കുവൈത്തില്‍ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്‌റെ അമ്മ. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്.

സുജ നാളെ വെളുപ്പിന് കൊച്ചിയിലെത്തുമെന്ന് മിഥുൻ്റെ അച്ഛൻ മനു റിപ്പോർട്ടറിനോട് പ്രതികരിച്ചു. തുർക്കിയില്‍ നിന്ന് ഇന്ന് തന്നെ കുവൈത്തില്‍ എത്തിക്കും. അവിടെ നിന്ന് പേപ്പറൊക്കെ ശരിയാക്കിയ ശേഷം കൊച്ചിയിലെത്തും. അങ്ങനെയെങ്കില്‍ മിഥുൻ്റെ സംസ്കാരം നാളെ നടക്കുമെന്നും മനു പറഞ്ഞു.