ആവശ്യക്കാര്‍ ആദ്യം പണം നല്‍കണം, പണം നല്‍കിയാല്‍ സാധനം ഒളിപ്പിച്ച സ്ഥലം പറഞ്ഞുതരും; 250 പൊതികളിലാക്കിയ ലഹരിവസ്തുക്കളുമായി യുവാക്കള്‍ പിടിയില്‍
മലപ്പുറം: പട്രോളിങ്ങിനിടെ രണ്ട് കിലോ കഞ്ചാവും 58 ഗ്രാം ഹാഷിഷ് ഓയിലുമായി ആന്ധ്രാപ്രദേശ് സ്വദേശികള്‍ പിടിയില്‍. പുട്ടുരു സായ് മഞ്ജുനാഥ് (24), ഗണ്ട അര്‍ജുന്‍ നായിഡു (30) എന്നിവരെ കുറ്റിപ്പുറം എക്സൈസാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ കുറ്റിപ്പുറം മഞ്ചാടി പ്രദേശത്ത് യുവാവിന്റെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ട എക്സൈസ് സംഘം യുവാവിനെ പരിശോധി ക്കുകയായിരുന്നു. ഇയാളില്‍നിന്ന് കഞ്ചാവ് പൊതി കണ്ടെത്തിയതോടെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ലഹരി വില്‍പനയുടെ ഇടനിലക്കാരനാണെന്ന് മനസ്സിലായത്.
തുടര്‍ന്ന് ആതവനാട് പരിതിയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സിലെ പരിശോധനയില്‍ 250 ചെറിയ പൊതികളാക്കിയ രണ്ട് കിലോയോളം കഞ്ചാവും 58 ഗ്രാം ഹഷീഷ് ഓയിലും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മലയാളിയായ യുവാവ് ചെറിയ പാക്കറ്റുകളായി എത്തിക്കുന്ന ലഹരി വസ്തുക്കള്‍ കുറ്റിപ്പുറം-തിരൂര്‍ റോഡിലെ വിവിധ ഇടങ്ങളില്‍ ഒളിപ്പിക്കുന്നതാണ് ഇവരുടെ ജോലി. ആവശ്യക്കാര്‍ വില്‍പന ക്കാര്‍ക്ക് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയാല്‍ ഒളിപ്പിച്ച സ്ഥലം അവര്‍ക്ക് പറഞ്ഞ് നല്‍കിയാണ് വില്‍പന നടത്തിയിരുന്നത്. ഇത്തരത്തില്‍ കഞ്ചാവിന്റെ ചെറിയ പൊതികള്‍ വിവിധ ഇടങ്ങളില്‍ നിക്ഷേപിക്കാന്‍ എത്തിയപ്പോഴാണ് പിടിയിലായത്.