Fincat

നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്

സംസ്ഥാനത്ത് നാല് മാസത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ മെയ് വരെ പതിനാറ് പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.

ഈ വര്‍ഷം ഏപ്രില്‍ മെയ് മാസത്തില്‍ തെരുവ് നായയുടെ കടിയേറ്റ് കൊല്ലം മലപ്പുറം പത്തനംതിട്ട ജില്ലകളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപെട്ട് ബാലവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 2025 ലെ ആദ്യ നാല് മാസത്തില്‍ സംസ്ഥാനത്ത് 131244 പേര്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. 2014 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. ഇക്കാലയളവില്‍ 316793 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു.

2014 മുതല്‍ 2025 ഏപ്രില്‍ വരെ തെരുവ് നായയുടെ അക്രമത്തിന് ഇരയായവരുടെ എണ്ണം 21,4,4962 ആണ്. 2012 മുതല്‍ 2025 മെയ് വരെ 184 പേര്‍ പേവിഷ ബാധയേറ്റ് മരിച്ചു. 2022ല്‍ 27 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഈ വര്‍ഷം മെയ് വരെ 16 പേര്‍ പേവിഷ ബാധയേറ്റ് മരിച്ചുന്നുമെന്നാണ് കണക്കുകള്‍. പൊതുപ്രവര്‍ത്തകനായ അഡ്വ. കോളത്തൂര്‍ ജയ്സിംഗ് ആണ് ബാലവാകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ കണക്ക് ആണ് പുറത്ത് വന്നത്.