Fincat

ഒടുവില്‍ ഗില്ലിന്റെ പരാതി കേട്ടു; ഡ്യൂക്ക് ബോളില്‍ നിര്‍ണായക തീരുമാനവുമായി നിര്‍മാതാക്കള്‍


ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയില്‍ ഉപയോഗിക്കുന്ന ഡ്യൂക്സ് പന്തുകളുടെ ‘ഗുണനിലവാരം’ പരിശോധിക്കുമെന്ന് നിർമാതാക്കള്‍.ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റേതടക്കം നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പന്തുകളുടെ ഗുണനിലവാരം പുനഃപരിശോധനക്ക് വിധേയമാക്കാമെന്ന് സമ്മതിച്ച്‌ നിര്‍മാതാക്കളായ ബ്രിട്ടീഷ് ക്രിക്കറ്റ് ബോള്‍സ് അറിയിച്ചത്.
മത്സരത്തിനുപയോഗിച്ച പന്തുകളെല്ലാം ശേഖരിച്ച്‌ പരമ്ബരയ്ക്കുശേഷം വിശദമായ പരിശോധന നടത്തുമെന്ന് ഡ്യൂക്സ് ക്രിക്കറ്റ് ബോള്‍ നിർമാണക്കമ്ബനി ഉടമ ദിലീപ് ജജോദിയ അറിയിച്ചിരിക്കുകയാണ്. പന്ത് വേഗത്തില്‍ ‘സോഫ്റ്റ്’ ആകുന്നുവെന്നും ആകൃതി മാറുന്നുവെന്നുമുള്ള പരാതികള്‍ ആദ്യ ടെസ്റ്റ് മുതല്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ 30 ഓവറുകള്‍ക്ക് ശേഷം പന്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാകുന്നു എന്നാണ് ഉയരുന്ന വലിയ വിമർശനം. ടീമുകളുടെ ആവശ്യപ്രകാരം അംപയർമാർ പന്ത് പരിശോധിക്കേണ്ടിവന്നതിനാല്‍ മത്സരത്തിനിടെ കൂടുതല്‍ സമയം നഷ്ടമുണ്ടാകുകയും ചെയ്തു.

പന്തിന്റെ നിലവാരത്തെക്കുറിച്ച്‌ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ പരാതിപ്പെട്ടതിന് പിന്നാലെ സ്റ്റുവർട്ട് ബോർഡ് അടക്കമുള്ള മുൻ ഇംഗ്ലണ്ട് താരങ്ങളും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. പന്തിന്റെ ആകൃതി പെട്ടെന്ന് മാറുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരുടീമുകളും ഇതിനോടകം തന്നെ പലതവണ പരാതി ഉന്നയിച്ച്‌ കഴിഞ്ഞു.