2011 ലോകകപ്പ് സ്ക്വാഡില്‍ നിന്ന് യുവി പുറത്താകുമായിരുന്നു, അന്ന് ധോണി ഇടപെട്ടു; വെളിപ്പെടുത്തി മുൻ കോച്ച്
2011 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. ക്യാൻസറിനോട് പൊരുതുന്ന സമയത്തും ആവേശവും ആത്മവിശ്വാസവും കൈവിടാതെയാണ് യുവരാജ് സിങ് ലോകകപ്പില്‍ പൊരുതിയത്.പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും യുവിക്കായിരുന്നു. ഇപ്പോഴിതാ അന്നത്തെ ലോകകപ്പ് ടീമില്‍ യുവരാജ് സിങ്ങിനെ ഒഴിവാക്കാൻ അന്നത്തെ സെലക്ടർമാർ തീരുമാനിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് അന്നത്തെ ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റണ്‍.
ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമില്‍നിന്നു പുറത്താകലിന്റെ വക്കിലേക്ക് യുവരാജ് സിങ് എത്തിയിരുന്നതായാണ് കിർസ്റ്റണ്‍ വെളിപ്പെടുത്തിയത്. 2010ല്‍ താരം ഫോം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്നതിനിടെയാണ് യുവരാജിനെ ടീമില്‍നിന്ന് ഒഴിവാക്കാൻ ആലോചിച്ചതെന്ന് മുൻ പരിശീലകൻ വെളിപ്പെടുത്തി. ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയുടേയും പരിശീലകനായ തന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് യുവരാജിനെ ലോകകപ്പ് ടീമിലെടുത്തതെന്നും ഗാരി കിർസ്റ്റണ്‍ ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു.
‘ദൈവത്തിന് നന്ദി. കാരണം അന്ന് എന്തും സംഭവിക്കുമായിരുന്നു. യുവരാജ് സിങ് ടീമില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. അതൊരു ഏകകണ്‌ഠേനയുള്ള സെലക്ഷനായിരുന്നില്ല. 15 കളിക്കാരുടെ കാര്യത്തില്‍ സെലക്ടര്‍മാരുമായി ഒരുപാട് വാദപ്രതിവാദം നടത്തേണ്ടി വന്നു. ഞാനും എംഎസ് ധോണിയും ടീമില്‍ തീര്‍ച്ചയായും യുവരാജ് വേണമെന്നു ആഗ്രഹിച്ചവരാണ്. അദ്ദേഹത്തിന്റെ അനുഭവസമ്ബത്ത് ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. പിന്നീട് ആ ലോകകപ്പ് എങ്ങനെയാണ് അവസാനിച്ചതെന്ന് നോക്കൂ’ കിർസ്റ്റണ്‍ പറഞ്ഞു.