വളര്‍ത്തു പൂച്ചകള്‍ക്ക് വാക്‌സിനെടുത്തില്ല, വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം; ഗൃഹനാഥന് പിഴ ചുമത്തി കോടതി
കോഴിക്കോട്: വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിനും വളര്‍ത്തു പൂച്ചകള്‍ക്ക് പ്രതിരോധ വാക്‌സിന്‍
നല്‍കാത്തതിനും ഗൃഹനാഥന് പിഴ വിധിച്ച് കോടതി. കോഴിക്കോട് പുറമേരി അരൂരിലെ സുമാലയത്തില്‍ രാജീവനാണ് നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ച്. 6000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ വിവിധ വകുപ്പുകളിലായി 45 ദിവസം തടവിനുമാണ് ശിക്ഷ വിധിച്ചത്.
പഞ്ചായത്തിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ തയ്യാറായില്ലെന്ന അധികൃതരുടെ ഹര്‍ജിയിലാണ് നടപടി.
ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഇയാള്‍ പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ വീടിന്റെ പരിസരത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് കണ്ടെത്തിയിരുന്നു. കൂടാതെ വിവിധ കണ്ടെയ്‌നറുകളിലും ടയറുകളിലും വെള്ളം കെട്ടിനിന്ന് കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കിയതായും കണ്ടെത്തിയിരുന്നു.
മാത്രമല്ല വീട്ടിലെ പൂച്ചകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയില്ലെന്നതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഗൃഹനാഥന് നോട്ടീസ് നല്‍കിയെങ്കിലും നിര്‍ദേശങ്ങളൊന്നും പാലിച്ചില്ല. തുടര്‍ന്നാണ് ആരോഗ്യവിഭാഗം കോടതിയെ സമീപിച്ചത്.