‘ഫാഫ മാത്രമല്ല, നമുക്ക് നല്ല സീനിയര്‍ നടന്‍മാരുമുണ്ട് കേട്ടോ’; ഫഹദ് റഫറന്‍സുമായി മോഹന്‍ലാല്‍; ‘ഹൃദയപൂര്‍വ്വം’ ടീസറിന് മികച്ച സ്വീകരണം
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂര്‍വത്തിന്റെ ടീസര്‍ പുറത്ത്. തുടക്കത്തില്‍ ഫഹദ് ഫാസില്‍ റഫറന്‍സുമായി എത്തുന്ന ടീസറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ ഒരു എന്റര്‍ടെയ്‌നര്‍ പടമാകും ഇതെന്ന ഉറപ്പും ടീസര്‍ നല്‍കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം എന്ന ഫീലാണ് ടീസര്‍ നല്‍കുന്നത്.
ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.മാളവിക മോഹനനാണ് നായിക. ലാലു അലക്‌സ്, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂര്‍വ്വത്തിലെ മറ്റുപ്രധാനതാരങ്ങള്‍.