Fincat

ജെഎസ്കെ വിവാദം: തീരുമാനം ഉണ്ടാകുന്നതില്‍ പാര്‍ട്ടി നേതാക്കളുടെയും പിന്തുണ ഉണ്ടായിട്ടുണ്ടെന്ന് സുരേഷ് ഗോപി


തിരുവനന്തപുരം: ജാനകി വി സിനിമാ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. വിഷയത്തില്‍ തീരുമാനം ഉണ്ടാകുന്നതില്‍ പാർട്ടി നേതാക്കുളുടെയും പിന്തുണ ഉണ്ടായിട്ടുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.സെന്‍സര്‍ ബോര്‍ഡില്‍ തനിക്ക് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

‘ആദ്യം നിര്‍ദേശിച്ചത് 96 ഇടങ്ങളില്‍ മുറിച്ച്‌ കളയെമെന്നായിരുന്നു. സിനിമയില്‍ റീ ഡബ്ബിംങ് ചെയ്തിട്ടില്ല. രണ്ട് സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. ജാനകിയുടെ അച്ഛന്‌റെ പേരിലും മാറ്റം വരുത്തിയിട്ടില്ല. സ്‌ക്രിപ്പ്റ്റിലുളള പേര് തന്നെയാണ് സിനിമയിലുളളത്. സിനിമാ വിവാദത്തില്‍ കേന്ദ്രമന്ത്രിയുടെ പവര്‍ ഉപയോഗിക്കാത്തത് എന്താണെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്നെ അഴിമതിയിലേക്ക് തളളി വിടുന്നത് പോലെയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് മന്ത്രിയ്ക്ക് കൊമ്ബ് ഉണ്ടാകണമെന്ന് ആരും പറയരുത്. ഞാന്‍ സത്യപ്രതിഞ്ജ ചെയ്‌തൊരു കൗണ്‍സില്‍ അംഗമാണ്. അതിന്‌റെ മാന്യതകളെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്. വിഷയത്തില്‍ തീരുമാനം ഉണ്ടാകുന്നതില്‍ പാർട്ടി നേതാക്കളുടെയും പിന്തുണ ഉണ്ടായിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡില്‍ തനിക്ക് നേരിട്ട് ഇടപെടാന്‍ കഴിയില്ല’, സുരേഷ് ഗോപി പറഞ്ഞു.

വിവാദങ്ങള്‍ക്കും പേരുമാറ്റലിനുമൊടുവില്‍ ഈ മാസം 17നാണ് ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള സിനിമ തിയേറ്ററിലെത്തിയത്. ചിത്രം വലിയ വിഷയമാണ് സംസാരിക്കുന്നതെന്നും വിവാദങ്ങളൊന്നുമില്ലെന്നും നായകൻ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്റെ പേര് ജാനകി വി എന്നാക്കിയിരുന്നു. പുതിയ മാറ്റങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെയ്ക്ക് അനുമതി നല്‍കിയത്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു.

രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട് ചെയ്തത്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചു. കേസ് കോടതി പരിഗണിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു.

ജാനകി എന്ന പേര് ഉപയോഗിക്കുന്ന 96 ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ഇതോടെയാണ് ടൈറ്റിലില്‍ വി എന്ന് ചേര്‍ത്താല്‍ മതിയാകുമെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളില്‍ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല്‍ മതിയെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്.

വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് ഉപയോഗിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം ‘ജാനകി’ എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദമായത്.