ആരാധക പ്രതിഷേധം, താരങ്ങള്‍ പിന്മാറി; ഇന്ന് നടക്കേണ്ട ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ലീഗില്‍ ഇന്ന് നടക്കേണ്ട് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു. സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്, ഓപ്പണര്‍ ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, ഓള്‍റൗണ്ടര്‍ യൂസഫ് പത്താന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയത്. ജമ്മു കശ്മിരീലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെയാണ് മത്സരം റദ്ദാക്കിയത്. ആരുടെയെങ്കിലും വികാരത്തെ മുറിവേല്‍പ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കി. ഇന്ന് രാത്രി ഒമ്പത് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.
മത്സരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ടൂര്‍ണമെന്റ് സംഘാടകര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. ഔദ്യോഗിക പ്രസ്താവനയില്‍ സംഘാടകര്‍ പറയുന്നതിങ്ങനെ… ”ആരാധകര്‍ക്ക് നല്ലതും സന്തോഷകരവുമായ നിമിഷങ്ങള്‍ നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ വര്‍ഷം പാകിസ്ഥാന്‍ ഹോക്കി ടീം ഇന്ത്യയിലേക്ക് വരുമെന്ന് വാര്‍ത്തളില്‍ നിന്ന് അറിഞ്ഞിരുന്നു. അടുത്തിടെ നടന്ന ഇന്ത്യ – പാകിസ്ഥാന്‍ വോളിബോള്‍ മത്സരവും നടന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യത്യസ്ത കായിക ഇനങ്ങളില്‍ മത്സരങ്ങളും കണ്ടപ്പോള്‍, ലെജന്‍ഡ്‌സ് ടി20യിലും മത്സരം തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍, ഇത്തരമൊരു മത്സരം പലരുടേയും വികാരങ്ങളെ മുറിവേല്‍പ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു.” സംഘാടകര്‍ വ്യക്തമാക്കി.
യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യ ചാംപ്യന്‍സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, യുവരാജ് എന്നിവരുള്‍പ്പെടെയുള്ള മികച്ച ബാറ്റിംഗ് നിരയുമായിട്ടാണ് ഇന്ത്യ എത്തുന്നത്. പേസ് വിഭാഗത്തില്‍ ഇര്‍ഫാന്‍ പത്താന്‍, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, സിദ്ധാര്‍ത്ഥ് കൗള്‍, വരുണ്‍ ആരോണ്‍ എന്നിവരേയും ഇന്ത്യക്ക് ആശ്രയിക്കാം. സ്പിന്നര്‍മാരായി ഹര്‍ഭജന്‍ സിങ്ങും പിയൂഷ് ചൗളയും ടീമിലുണ്ട്. കൂടാതെ സ്പിന്‍ ഓള്‍റൗണ്ടറായി യൂസഫ് പത്താനും.