Fincat

വനിതാ എഎസ്ഐയെ ലിവ് ഇൻ പാർട്ട്ണറായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി

ഗുജറാത്തിലെ കച്ച് ജില്ലയിലെ വനിതാ അസി. സബ് ഇൻസ്പെക്ടറെ (എഎസ്ഐ) ലിവ്-ഇൻ പങ്കാളിയായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി. അരുണ നതുഭായ് ജാദവ് എന്ന വനിതാ പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ, അഞ്ജർ പൊലീസ് സ്റ്റേഷനിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻ ദിലീപ് ഡാങ്‌ചിയ കീഴടങ്ങി. ഇതേ സ്റ്റേഷനിലാണ് അരുണ ജോലി ചെയ്തിരുന്നത്.

അരുണ സുരേന്ദ്രനഗർ നിവാസിയാണെന്നും അഞ്ജാറിലെ ഗംഗോത്രി സൊസൈറ്റി -2ലാണ് താമസിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം അരുണയും ദിലീപ് ഡാഗ്ചിയയും അരുണ താമസിക്കുന്ന വീട്ടിൽവെച്ച് തർക്കമുണ്ടായി. ഇതേ തുടർന്ന് ദിലീപ് കോപാകുലനായി അരുണയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

വിവരങ്ങൾ അനുസരിച്ച്, ദിലീപ് മണിപ്പൂരിൽ നിയമിതനായ ഒരു സിആർപിഎഫ് ജവാനും അരുണയുടെ അയൽ ഗ്രാമത്തിലെ താമസക്കാരനുമാണ്. 2021 ൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് അരുണയുമായി പരിചയപ്പെടുന്നത്. അന്നുമുതൽ ഇരുവരും ഒരുമിച്ചാണ് താമസം. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.