സഹോദരന്മാരായ 2 പേരെ വിവാഹം ചെയ്ത് യുവതി; ഒരാൾക്ക് സർക്കാർ ജോലി, ഒരാൾ വിദേശത്ത്
ഹിമാചൽ പ്രദേശിലെ സിർമൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിയമപരമായി അംഗീകാരമില്ലാത്ത ഒരു ആചാരം വീണ്ടും അരങ്ങേറി. ഒരു സ്ത്രീ രണ്ട് സഹോദരന്മാരെ വിവാഹം കഴിക്കുന്ന ബഹുഭർതൃത്വം (polyandry) എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരമാണ് ഈ ഗ്രാമത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. സ്ത്രീ രണ്ട് പുരുഷന്മാരെയോ അതിലധികമോ വിവാഹം കഴിക്കുന്ന സമ്പ്രദായമാണ് ബഹുഭർതൃത്വം. ‘പോളി’ എന്ന ഗ്രീക്ക് പദത്തിന് ‘പല’ എന്നും ‘അനർ’ എന്നതിന് ‘പുരുഷൻ’ എന്നും അർത്ഥം വരുന്നു.
ഷില്ലായി ഗ്രാമത്തിലെ ഹട്ടി വിഭാഗത്തിൽപ്പെട്ട സഹോദരന്മാരായ പ്രദീപ് നേഗിയും കപിൽ നേഗിയും കുൺഹട്ട് ഗ്രാമത്തിലെ സുനിത ചൗഹാനെയാണ് വിവാഹം ചെയ്തത്. ട്രാൻസ്-ഗിരി മേഖലയിൽ ജൂലൈ 12 മുതൽ 14 വരെ നീണ്ടുനിന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രദീപ് ഒരു സർക്കാർ വകുപ്പിലാണ് ജോലി ചെയ്യുന്നത്. ഇളയ സഹോദരൻ കപിൽ വിദേശത്താണ്.
ആരുടെയും നിർബന്ധമില്ലാതെ കുടുംബാംഗങ്ങളുടെ പൂർണ്ണ സമ്മതത്തോടെയാണ് ഈ വിവാഹം നടന്നതെന്ന് മൂവരും പറഞ്ഞു. വിവാഹത്തിന്‍റെ വീഡിയോ സോഷ്ൽ മീഡിയയിൽ പ്രചരിച്ചതോടെ ബഹുഭർതൃത്വം വീണ്ടും ചർച്ചയായി മാറിയിട്ടുണ്ട്. ഇന്ത്യയിൽ നിയമവിരുദ്ധമാണെങ്കിലും, സിർമൂർ ജില്ലയിലെ പല ഗ്രാമങ്ങളിലും ബഹുഭർതൃത്വം ഇപ്പോഴും നിലവിലുണ്ട്. ഹിമാചൽ പ്രദേശിലെ കിന്നോർ, ലാഹോൾ-സ്പിതി ജില്ലകളിലും അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചില പ്രദേശങ്ങളിലും ഈ ആചാരം ഇപ്പോഴും തുടരുന്നു.
രണ്ട് പുരുഷന്മാരിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും വിവാഹബന്ധം നിലനിൽക്കുമെന്ന് ഹട്ടി ഗോത്രത്തിലെ കുടുംബങ്ങൾ പറയുന്നു. മഹാഭാരതത്തിലെ ദ്രൗപദിക്ക് അഞ്ച് പാണ്ഡവന്മാർ ഭർത്താക്കന്മാരായിരുന്നതിനാൽ ‘ജോഡിദാരാൻ’ അല്ലെങ്കിൽ ‘ദ്രൗപദി പ്രഥ’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ സമ്പ്രദായം, കുടുംബ സ്വത്ത് തലമുറകളായി നിലനിർത്താൻ സഹായിക്കുന്നു എന്നാണ് ഗ്രാമവാസികളുടെ വാദം.
ഹട്ടികളെ സംബന്ധിച്ചിടത്തോളം, ബഹുഭർതൃത്വം അവരുടെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗം മാത്രമല്ല, അനിശ്ചിതത്വം നിറഞ്ഞ ലോകത്ത് നിലനിൽക്കുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണ്. അടുത്തിടെ പട്ടികവർഗ്ഗ പദവി ലഭിച്ച ഹട്ടികൾ, ബഹുഭർതൃത്വത്തെ തങ്ങളുടെ സാംസ്കാരിക സ്വത്വത്തിന്‍റെ നിർണ്ണായക അടയാളമായി കാണുന്നു.
കൂടുതൽ ഗ്രാമവാസികൾ വിദ്യാഭ്യാസം നേടുകയും ജോലിക്കായി നഗരങ്ങളിലേക്ക് മാറുകയും ചെയ്യുന്നതോടെ ‘ജോഡിദാരാൻ’ പതിയെ ഇല്ലാതാകുമെന്ന് ഹട്ടി സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കുന്ദൻ സിംഗ് ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു.
ഹിന്ദു വിവാഹ നിയമപ്രകാരമാണ് ഹട്ടികളുടെ കാര്യങ്ങൾ ഔദ്യോഗികമായി നടക്കുന്നത്. എന്നാൽ, മറ്റ് ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഇന്ത്യൻ നിയമങ്ങളിലുണ്ട്. അതേസമയം, ഈ സമ്പ്രദായം പതിറ്റാണ്ടുകളായി ഈ മേഖലയിൽ നിലവിലുണ്ടെന്നും ഹിമാചൽ പ്രദേശ് ഹൈക്കോടതി ‘ജോഡിദാർ നിയമം’ അനുസരിച്ച് ഇത് നിയമപരമായി അംഗീകരിച്ചിട്ടുണ്ടെന്നും സിർമൂർ ജില്ലയിൽ അടുത്തിടെ നടന്ന ബഹുഭർതൃത്വത്തെക്കുറിച്ച് പ്രതികരിച്ച അഭിഭാഷകൻ രൺസിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടിരുന്നു. 1,300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ട്രാൻസ്-ഗിരി മേഖലയിൽ 154 പഞ്ചായത്തുകളുണ്ട്. അവയിൽ 147 ലും ഹട്ടി സമൂഹം സജീവമാണ്.