35 ലക്ഷം മുഴുവന്‍ ചെലവാക്കി, വാഹനം വിറ്റു… അര്‍ജുന്റെ കുടുംബവുമായി ബന്ധമില്ല; മനാഫിന്റെ ഇപ്പോഴത്തെ ജീവിതം
ഒരു വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ മനസില്‍ തീരാത്ത നോവാണ് അര്‍ജുന്‍. ഷിരൂരിലെ മണ്ണിടിച്ചിലില്‍ ലോറിയടക്കം പുഴയിലേക്ക് ഒലിച്ച് പോയ അര്‍ജുന്റെ മൃതദേഹം 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ലഭിക്കുന്നത്.
അര്‍ജുനെ പോലെ തന്നെ മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരാളാണ് ലോറി ഉടമ മനാഫ്. മനാഫിന്റെ ലോറിയിലെ ഡ്രൈവറായിരുന്നു അര്‍ജുന്‍. എന്നാല്‍ ഷിരൂര്‍ ദൗത്യത്തിന് ശേഷം അര്‍ജുന്റെ കുടുംബം മനാഫിനെതിരെ രംഗത്തെത്തിയിരുന്നു.
ഇത് വലിയ വിവാദമായിരുന്നു. ഷിരൂര്‍ ദുരന്തത്തിന്റെ ഒരു വര്‍ഷത്തിന് ശേഷം മനാഫ് തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍. അര്‍ജുന്റെ കുടുംബവുമായി പിന്നീട് ബന്ധപ്പെട്ടിട്ടില്ല എന്ന് മനാഫ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
‘അര്‍ജുനെ കാണാതായ സമയത്ത് ഞാന്‍ ധരിച്ചിരുന്ന വേഷത്തിന്റെ പേരില്‍ വരെ കുറ്റപ്പെടുപത്തലുകള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഞാന്‍ അവിടെ ഒരു സാധാരണ വേഷമാണ് ധരിച്ചിരുന്നത്. എന്നാല്‍ അതല്ല എന്റെ യഥാര്‍ത്ഥ വേഷം. ഞാന്‍ സാധാരണ ഷര്‍ട്ട് ഇന്‍സൈഡ് ചെയ്തും പാന്റ്‌സും ധരിച്ച് നടക്കുന്ന ആളാണ്. അര്‍ജുനെ കിട്ടി കഴിഞ്ഞ് ഞാന്‍ സാധാരണ ധരിക്കാറുള്ള വേഷത്തിലേക്ക് തന്നെ മാറിയപ്പോള്‍ എല്ലാവരും പറയാന്‍ തുടങ്ങി മനാഫിന് പത്രാസ് കൂടി എന്ന്.
ഈ സംഭവം കൊണ്ട് എനിക്ക് കുറെ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഒരു ലാഭവും ഉണ്ടായിട്ടില്ല. എന്നെ കുറച്ച് പേര്‍ അറിഞ്ഞിട്ടുണ്ടാകും എന്ന ഗുണമല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടില്ല. എന്റെ വീടിന്റെ പണി പോലും പൂര്‍ത്തിയായിട്ടില്ല. എന്നെ അറിയുന്നവര്‍ക്ക് ഞാന്‍ ആരാണ് എന്ന് അറിയാം. വലിയൊരു തുക നഷ്ടപ്പെടുത്തിയിട്ടാണ് ഞാന്‍ ഷിരൂര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. എന്റെ കൈയില്‍ നിന്ന് തന്നെ കാശ് ചെലവാക്കിയാണ് ചെയ്തത്.
വേറെ ആരുടെ കൈയില്‍ നിന്നും കാശ് വാങ്ങിയിട്ടില്ല. പിന്നെ ഒരുപാട് സ്ഥാപനങ്ങള്‍ പോയി. അങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങള്‍ എനിക്കുണ്ട്. ഈ ദുരന്തം നടന്ന സമയത്ത് ഒരു 35 ലക്ഷം എന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. അത് മുഴുവന്‍ ഞാന്‍ ചെലവാക്കി. വാഹനം വിറ്റിട്ടും മറ്റുള്ള സുഹൃത്തുക്കള്‍ വലിയ തുക കടം തന്നിട്ടും അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ ചെയ്തത്. ബിസിനസ് ഇപ്പോള്‍ ചെയ്യുന്നില്ല.
ഒരു കൊല്ലമായിട്ട് ബിസിനസ് ചെയ്യുന്നില്ല. ഈ വീടീന്റെ പണി തുടങ്ങിയിട്ട് ഏഴ് കൊല്ലമായി. ഇതിന് വേണ്ടി എടുത്ത് വെക്കുന്ന കാശൊക്കെ വേറെ പലതിനും ചെലവായി പോകാറാണ്. അര്‍ജുന്റെ പേരില്‍ ഞാന്‍ എന്തെങ്കിലും ഒരു തട്ടിപ്പ് നടത്തി എന്ന് പറയുകയാണെങ്കില്‍ കോഴിക്കോട് മാനാഞ്ചിറ ഗ്രൗണ്ടിന്റെ നടുവില്‍ വന്ന് നില്‍ക്കാം, കല്ലെറിഞ്ഞോളൂ എന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് എതിരെ ആരോപണങ്ങള്‍ വന്നപ്പോഴും അര്‍ജുന്റെ കുടുംബത്തിനൊപ്പം നിന്നത് അവരുടെ നഷ്ടം ആലോചിച്ചാണ്.
അവര്‍ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. നികത്താനാകില്ല. നമ്മുടെ നഷ്ടങ്ങളേക്കാള്‍ 1000 മടങ്ങ് വലുതാണ് അവരുടെ നഷ്ടം എന്ന് മനസിലാക്കുന്നത് കൊണ്ടാണ് ഞാന്‍ അവരുടെ കൂടെ നില്‍ക്കുന്നത്. എത്രയൊക്കെ പ്രയാസപ്പെടുത്തിയാലും ഇന്നും എന്റെയും എന്റെ കുടുംബത്തിന്റേയും മനസ് അവര്‍ക്കൊപ്പമാണ്. അര്‍ജുന്റെ കുടുംബം സുഖമായിരിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.
എന്റെ ഒരു ആവശ്യവും അവര്‍ക്ക് ഉണ്ടാകാതിരിക്കട്ടെ. ലോറി ഉടമ അപകടം നടന്നിട്ടും അവിടെ നിന്ന് മാറാതെയിരിക്കുന്നുണ്ടെങ്കില്‍ ആ ലോറിയില്‍ വേറെ എന്തൊക്കയോ ഉണ്ടാകും എന്നായിരുന്നു ചാനല്‍ ചര്‍ച്ചകളൊക്കെ. ലോറിയുടമയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം ദുരൂഹതയുണ്ട് എന്നൊക്കെയാണ് പറയുന്നത്. അല്ലാതെ ഇങ്ങനെ ആരെങ്കിലും നില്‍ക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്.
ഡ്രഡ്ജര്‍ കൊണ്ടുവരാന്‍ ഒരു കോടി രൂപ ചെലവാകും എന്ന് പറഞ്ഞപ്പോള്‍ കര്‍ണാടക മന്ത്രിസഭ തയ്യാറല്ല എന്ന് പറഞ്ഞു. ആ കാശ് ഞാന്‍ തരാം എന്ന് പറഞ്ഞപ്പോള്‍. എന്റെ വീടും പറമ്ബും വിറ്റാല്‍ ഒരു കോടി രൂപ കിട്ടും എന്നുറപ്പുള്ളത് കൊണ്ടാണ് എങ്ങനെ പറഞ്ഞത്. എന്റെ സഹോദരന്‍മാരും അത്യാവശ്യം സാമ്ബത്തികമുള്ളവരാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. തിരച്ചില്‍ നിര്‍ത്താന്‍ പാടില്ല എന്നതായിരുന്നു നമ്മളുടെ ആവശ്യം.
പിന്നെ ചര്‍ച്ച ഞാന്‍ കള്ളക്കടത്തുകാരനാണ് എന്ന രീതിയില്‍ ആയിരുന്നു. ഇപ്പോഴും ഞാന്‍ എന്റെ നഷ്ടത്തില്‍ നിന്ന് പൂര്‍ണമായി കരകയറിയിട്ടില്ല. അന്ന് രക്ഷാപ്രവര്‍ത്തനത്തിന് വന്ന പലരേയും സഹായിച്ച് കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. എല്ലാവരും മോശം പറയുന്ന രേവന്തിന് വരെ ഞാന്‍ ഓരോ ഓട്ടോറിക്ഷ സെറ്റാക്കി കൊടുത്തിട്ടുണ്ട്. ഇതൊന്നും എനിക്ക് ചെയ്യേണ്ട ആവശ്യമില്ലല്ലോ.
അര്‍ജുന്റെ വീട്ടുകാരെ പിന്നീട് കോണ്‍ടാക്‌ട് ചെയ്തിട്ടില്ല. അവര്‍ക്ക് അതിന്റെ ആവശ്യമില്ല. അങ്ങനെ ഒരു ആവശ്യം വന്നാല്‍ തീര്‍ച്ചയായും അവരുടെ കൂടെയുണ്ടാകും.