Fincat

വിഎസിൻ്റെ മൃതദേഹം മറ്റന്നാൾ സംസ്‌കരിക്കും; ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം, നാളെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന കേരളത്തിൻ്റെ പ്രിയ നേതാവ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ മരിച്ചത് ഇന്ന് വൈകിട്ട് 3.20 ന്. അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും.

ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.

 

മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി.

കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെയാളായ അദ്ദേഹം 11 വർഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1964ൽ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളാണ്. 1985 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചു. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായി. പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടലുകളിലൂടെ ജനകീയനായി. 2016 മുതൽ 2020 വരെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനായിരുന്നു. ഇതിനിടെ പക്ഷാഘാതം സംഭവിച്ചതോടെ 2020ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.