വിട നല്‍കി പാര്‍ട്ടി ആസ്ഥാനം; വി എസിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചു
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് വിട നല്‍കി പാര്‍ട്ടി ആസ്ഥാനം.സിപിഐഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനമായ എ കെ ജി പഠനകേന്ദ്രത്തിലെ പൊതുദര്‍ശനം അവസാനിച്ചു. പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. രാത്രി ഏഴ് മണിയോടെയാണ് വി എസിന്റെ ഭൗതിക ശരീരം എ കെ ജി സെന്ററില്‍ എത്തിയത്. രാത്രി പന്ത്രണ്ട് മണി വരെ ഇവിടെ പൊതുദര്‍ശനം തുടര്‍ന്നു. വി എസിനെ നെഞ്ചിലേറ്റിയവരുടെ മുദ്രാവാക്യങ്ങള്‍ ഈ സമയം വരെ അലയടിച്ചുകൊണ്ടേയിരുന്നു.
12.15 ഓടെയാണ് വി എസിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വസതിയില്‍ എത്തിച്ചത്. വിലാപയാത്രയായാണ് ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്. വീടിന് സമീപം ആളുകള്‍ ഈ സമയവും തടിച്ചുകൂടിയിരിക്കുകയാണ്. വി എസിനെ അവസാനമായി ഒരു നോക്കുകാണണമെന്നാണ് ആളുകളുടെ ആവശ്യം. നാളെ രാവിലെ എട്ടരയോടെ ഭൗതിക ശരീരം വീട്ടില്‍ നിന്ന് ഇറക്കും. ഒന്‍പത് മണിയോടെ ദര്‍ബാര്‍ ഹാളില്‍ എത്തിക്കും. രണ്ട് മണിക്ക് തന്നെ ആലപ്പുഴയിലേക്ക് വിലാപയാത്ര തുടങ്ങും. വി എസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കും. അതനുസരിച്ച് സമയത്തില്‍ മാറ്റമുണ്ടാകും.
ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടി വി എസിന്റെ ഭൗതിക ശരീരം ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച രാവിലെ ഒന്‍പത് മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനുവെയ്ക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.
പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ബീച്ചില്‍ നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള വാഹന പാര്‍ക്കിംഗിന് ബീച്ചിലെ മേല്‍പ്പാലത്തിന് അടിവശമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി ആവശ്യത്തിന് പൊലീസിനെയും വിന്യസിക്കും.