റെഡ് സല്യൂട്ട്: തലസ്ഥാനത്തുനിന്ന് വിഎസ്സിന് തിരിച്ചുവരവില്ലാത്ത മടക്കം, ഇനി വിപ്ലവ മണ്ണിലേക്ക്
തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് വിഎസ്സിന് വിപ്ലവ മണ്ണിലേക്ക് മടക്കം. അനന്തപുരിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ്സിന്റെ അന്ത്യയാത്ര തുടങ്ങി.തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാൻ സെക്രട്ടേറിയേറ്റ് പരിസരത്ത് ജനസാഗരം തടിച്ചുകൂടിയത്. നിരവധിപ്പേരാണ് റോഡിന്റെ ഇരുവശങ്ങളിലും വിഎസ്സിനെ കാണാൻ കാത്തുനില്‍ക്കുന്നത്.
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വിലാപയാത്രയായി വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.
കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസ്സിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്ബോള്‍ 101 വയസ്സായിരുന്നു വിഎസ്സിന്.
കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.