Fincat

നിര്‍മാണത്തിനിടെ വീട് തകര്‍ന്ന് അപകടം; കോണ്‍ക്രീറ്റ് ജോലികള്‍ കാണാനെത്തിയ കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്

 

നിര്‍മാണതിനിടെ വീട് തകര്‍ന്ന് വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. പുളിക്കല്‍ ഐക്കരപ്പടിക്കടുത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് ഒരു ഭാഗം തകര്‍ന്ന് വീണത്. വ്യാഴാഴ്ച രാവിലെ 10.45ന് പ്രദേശവാസിയായ തേങ്ങാട്ട് ഹബീബ് റഹ്‌മാന്‍ നിര്‍മിക്കുന്ന രണ്ടുനിലവീടിന്റെ പ്രവൃത്തികള്‍ക്കിടെയാണ് അപകടം.

ഇതരസംസ്ഥാന തൊഴിലാളികളായ അബ്ദുല്‍ ലത്തീഫ് (45), സംഗീത് (35), കണ്ണന്‍ (40), സമീപവാസിയായ മുഹമ്മദ് ഷാമില്‍ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ കോണ്‍ക്രീറ്റിനായി കെട്ടിയുണ്ടാക്കിയ സ്റ്റാന്‍ഡിന്റെ ഒരു ഭാഗത്തെ കാലുകള്‍ മഴക്കിടെ തെന്നിമാറി തകരുകയായിരുന്നു. ഇതിനിടെ, താഴെയും മുകളിലുമായുണ്ടായിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.

കോണ്‍ക്രീറ്റ് ജോലികള്‍ കാണാനെത്തിയതായിരുന്നു അയല്‍വാസി ഷാമില്‍. സംഭവം നടന്നയുടന്‍ മറ്റു തൊഴിലാളികളും വീട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തെ തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് സംഘവും ഡെപ്യൂട്ടി തഹസില്‍ദാര്‍ ഫിറോസ്, സീനിയര്‍ ക്ലര്‍ക്ക് നാസര്‍, ലേബര്‍ ഓഫിസ് പ്രതിനിധി കള്‍ തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.