Fincat

വീണ്ടും എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഫ്‌ലൈറ്റ്‌റഡാര്‍ വെബ്സൈറ്റ് പ്രകാരം ഉച്ചയ്ക്ക് 1.35നാണ് വിമാനം പറന്നുയര്‍ന്നത്. പിന്നീട് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു എന്ന് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നിരവധി സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയും ഇത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനും പ്രവര്‍ത്തന തടസങ്ങള്‍ക്കും കാരണമാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഏകദേശം 160 യാത്രക്കാരുമായി ദില്ലി വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് റദ്ദാക്കിയിരുന്നു. സാങ്കേതിക തകരാറാണ് ഇതിന് കാരണം. ചെറിയ സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ടേക്ക് ഓഫ് റദ്ദാക്കാന്‍ ക്രൂ തീരുമാനിക്കുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.

അതേ ദിവസം തന്നെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട മറ്റൊരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. പൈലറ്റുമാരും ജീവനക്കാരും ഉള്‍പ്പെടെ 188 പേരുമായി കോഴിക്കോട് നിന്ന് രാവിലെ 9:07-ഓടെ പുറപ്പെട്ട IX 375 നമ്പര്‍ വിമാനം 11:12-ഓടെ തിരിച്ചിറങ്ങുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ അറിയിച്ചു.