Fincat

കുളത്തില്‍ മുങ്ങിത്താഴ്ന്ന മൂന്നുകുട്ടികളെ രക്ഷിച്ച ഷാമിലിന് ജില്ലാ കളക്ടറുടെ അനുമോദനം

കുളത്തില്‍ മുങ്ങിത്താഴ്ന്ന മൂന്നു പെണ്‍കുട്ടികളെ തന്റെ മനോധൈര്യത്തിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മലപ്പുറം വെള്ളില പിടിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മുഹമ്മദ് ഷാമിലിനെ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അനുമോദിച്ചു. ഷാമിലിന്റെ അവസരോചിതമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്നും മറ്റുകുട്ടികള്‍ക്കെല്ലൊം ഇതൊരു മാതൃകയാകണമെന്നും കളക്ടര്‍ പറഞ്ഞു. മുതിര്‍ന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

വെള്ളില പുത്തന്‍വീട് സ്വദേശിയായ ചാളക്കത്തൊടി മുഹമ്മദ് ഷാമിലിന്റെ വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാനായി ഇറങ്ങിയ മൂന്നു പെണ്‍കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. അയല്‍ വീട്ടില്‍ സല്‍ക്കാരത്തിനായി എത്തിയവരായിരുന്നു ഇവര്‍. ഈ സമയം ഇതുവഴി വന്ന ആശാവര്‍ക്കര്‍ പള്ളിയാല്‍ത്തൊടി ഹഫ്‌സത്ത് വിളിച്ചു പറഞ്ഞതോടെ മുഹമ്മദ് ഷാമിലും പിതാവും സഹോദരനും സംഭവസ്ഥലത്ത് എത്തി. ഷാമില്‍ കുളത്തില്‍ ചാടി രണ്ടുപേരെ ഉടന്‍ കരയ്ക്കു കയറ്റി. കുളത്തിന്റെ ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ മൂന്നാമത്തെയാളെ മൂന്നാമത്തെ ശ്രമത്തില്‍ മാത്രമാണ് കരയ്ക്കു കയറ്റാന്‍ സാധിച്ചത്. അവശയായ കുട്ടിയ്ക്ക് സിപിആര്‍ നല്‍കിയാണ് ഷാമില്‍ ജീവന്‍ രക്ഷിച്ചത്. പിടിഎം സ്‌കൂളിലെ തന്നെ ബയോളജി അധ്യാപകനായ അബ്ദുല്‍ മജീദ് നല്‍കിയ പരിശീലനമാണ് സിപിആര്‍ നല്‍കാന്‍ ഷാമിലിനെ പ്രാപ്തനാക്കിയത്. വെള്ളില പുത്തന്‍വീട് ചാളക്കത്തൊടി അഷ്‌റഫിന്റെയും ഷാഹിദയുടെയും രണ്ടാമത്തെ മകനാണ് ഷാമില്‍.

ജില്ലാകളക്ടറുടെ അനുമോദന ചടങ്ങില്‍ എ ഡി എം എന്‍.എം മെഹറലി, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍, സ്‌കുളിലെ അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോക മുങ്ങിമരണ പ്രതിരോധ ദിനമായി ആചരിക്കുന്ന ജൂലൈ 25 നാണ് ഷാമിൽ ആദരമേറ്റു വാങ്ങിയത്.