Fincat

ഇനി മുന്നില്‍ സച്ചിനും പോണ്ടിങ്ങും മാത്രം; ചരിത്രനേട്ടത്തിനരികെ ജോ റൂട്ട്


ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍വേട്ട തുടർന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ട് സ്കോർബോർഡ് ഉയർ‌ത്തുന്നതിനിടെ റണ്‍വേട്ടയില്‍ തകർപ്പൻ‌ നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് റൂട്ട്.സച്ചിൻ ടെണ്ടുല്‍ക്കറും റിക്കി പോണ്ടിങ്ങും വാഴുന്ന ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനായിരിക്കുകയാണ് റൂട്ട്.
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 31 റണ്‍സ് നേടിയപ്പോഴാണ് റൂട്ടിനെ തേടി നേട്ടമെത്തിയത്. ഒന്നാം ഇന്നിങ്സിലെ 56-ാം ഓവറില്‍ മുഹമ്മദ് സിറാജിനെ സിംഗിള്‍ പായിച്ച്‌ സ്കോർ 31ലെത്തിച്ചതിനു പിന്നാലെയായിരുന്നു ചരിത്ര നിമിഷം. ടെസ്റ്റ് റണ്‍ 13,290 (നോട്ടൗട്ട്) ലെത്തിച്ചപ്പോള്‍ ഇതിഹാസ താരങ്ങളായ ജാക് കാലിസിനെയും, രാഹുല്‍ ദ്രാവിഡിനെയും മറികടന്ന് മൂന്നാമനായി.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (13288), മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസ് (13289) എന്നിവരെയാണ് റൂട്ട് മറികടന്നത്. ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗുമാണ് റൂട്ടിന് മുന്നിലുള്ളത്. 200 ടെസ്റ്റ് കളിച്ച സച്ചിന്‍ 15,921 റണ്‍സാണ് നേടിയിട്ടുള്ളത്. റിക്കി പോണ്ടിംഗിന്റെ അക്കൗണ്ടില്‍ 11378 റണ്‍സാണുള്ളത്. പോണ്ടിംഗിനെ മറികടക്കാന്‍ റൂട്ടിന് അനായാസം സാധിച്ചേക്കും.ടെസ്റ്റില്‍ 67-ാം അർധസെഞ്ചറി കുറിച്ച റൂട്ട്, കരിയറിലാകെ 104-ാം തവണയാണ് 50 റണ്‍സ് പിന്നിടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യത്തില്‍ റിക്കി പോണ്ടിങ്, ജാക്വസ് കാലിസ് (103 തവണ വീതം) എന്നിവരെ പിന്തള്ളിയ റൂട്ടിനു മുന്നില്‍ ഇനിയുള്ളത് സാക്ഷാല്‍ സച്ചിൻ തെൻഡുല്‍ക്കർ (119 തവണ) മാത്രം. ഒലി പോപ്പിന്റെ 16-ാം അർധസെഞ്ച്വറിയാണ് ഓള്‍ഡ് ട്രാഫോർ‌ഡില്‍ പിറന്നത്.